
കോട്ടയം: ചന്തക്കടവ് – ഈരയിൽക്കടവ് റോഡിൽ ചന്തയ്ക്കു സമീപം റോഡിൽ രൂപപ്പെട്ട കുഴികൾ അപകട ഭീഷണിയുയർത്തുന്നു. റോഡിനടിയിലൂടെയുള്ള ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് റോഡ് തകരാൻ കാരണം. പൈപ്പ് പൊട്ടിയ വെള്ളം ഈ കുഴികളിൽ കെട്ടിക്കിടന്നതിനു ശേഷമാണ് ഒഴുകിപ്പോകുന്നത്.
മാസങ്ങൾക്ക് മുൻപ് ചെറിയ ഉറവകൾ പോലെ രൂപപ്പെട്ട കുഴികൾ പിന്നീട് വലുതാകുകയും 10 മീറ്ററോളം ദൂരത്തിൽ റോഡ് തകരുകയുമായിരുന്നു. മറ്റു വാഹനങ്ങളുടെ ടയർ കുഴിയിൽ ചാടുമ്പോൾ ഈ ചെളിവെള്ളം തെറിക്കുന്നതിനാൽ പ്രദേശത്തുകൂടി ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരും ദുരിതത്തിലാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഏറെ സഹായകരമായ റോഡാണിത്.
ജലഅതോറിറ്റി പൈപ്പ് നന്നാക്കാത്തതിനാൽ റോഡ് നന്നാക്കാൻ കഴിയുന്നില്ലെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. പൈപ്പ് നന്നാക്കാതെ കുഴിയടച്ചാൽ അടുത്ത ദിവസം തന്നെ റോഡ് തകരുമെന്ന് പറയുന്നു. സമീപത്ത് താമസിക്കുന്നവർ ജല അതോറിറ്റി കംപ്ലയിന്റ് റജിസ്റ്റർ സിസ്റ്റത്തിലൂടെ പൈപ്പ് നന്നാക്കുന്നതിനായി പരാതി നൽകിയിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ പരാതി പരിഹരിച്ചെന്ന സന്ദേശം ഇവർക്ക് ലഭിച്ചു. ജലഅതോറിറ്റി ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ അബദ്ധത്തിൽ വന്ന സന്ദേശമാണെന്നാണ് പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


