
തിരുവനന്തപുരം: ആസ്മ രോഗികൾ ഇൻഹെയ്ലറിൽ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നിന്റെ വ്യാജൻ പിടികൂടി. സിപ്ല ലിമിറ്റഡിന്റെ ‘സെറോഫ്ളോ റൊട്ടോക്യാപ്സ് 250 ഇൻഹെയ്ലറി’ന്റെ വ്യാജനാണ് പിടികൂടിയത്.
ഡ്രഗ്സ് കൺട്രോൾവിഭാഗം തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന മരുന്ന് പിടിച്ചെടുത്തത്. മരുന്ന് സ്റ്റോക്ക് ചെയ്തിരുന്ന രണ്ടു സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസൻസ് റദ്ദാക്കി.
അന്യസംസ്ഥാനങ്ങളിലെ വ്യാജമരുന്ന് ശൃംഖലയിൽനിന്ന് നേരിട്ടു വാങ്ങിയതാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. സിപ്ല ഉത്പാദിപ്പിച്ചതല്ല ഇവയെന്നാണ് പ്രാഥമികവിവരം. ബില്ലുകളും മറ്റുരേഖകളും ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജമരുന്ന് ശൃംഖലയിൽ മരുന്നുകൾ വാങ്ങി വിൽപ്പനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്വാസ് ഫാർമ, തൃശ്ശൂർ പൂങ്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ് വേൾഡ് ഫാർമ എന്നീ സ്ഥാപനങ്ങൾക്കെതിരേയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരേ ബ്രാൻഡിലെ ഇത്രയധികം വ്യാജമരുന്ന് ഒന്നിച്ചുപിടികൂടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മണത്തിലും മറ്റും വ്യത്യാസം തോന്നുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാജമരുന്ന് ശൃംഖലയെക്കുറിച്ച് തുടരന്വേഷണം ഊർജിതമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.വ്യാജമരുന്നു ശൃംഖല അന്യസംസ്ഥാനങ്ങളിലേക്കു നീളുന്നതിനാൽ അവിടങ്ങളിലെ ഡ്രഗ്സ് കൺട്രോൾ വിഭാഗവുമായി ചേർന്നും പരിശോധന ആരംഭിച്ചിട്ടുണ്ട്.



