
ന്യൂഡൽഹി: തുടർച്ചയായ ആറാം ദിവസവും ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും മോശം വിഭാഗത്തിൽ തുടരുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. (സിപിസിബി) അറിയിച്ചു. വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) ഗുരുതര പരിധി കടന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിപിസിബി വികസിപ്പിച്ച സമീർ ആപ്പിലെ കണക്കനുസരിച്ച് ഇന്ന് തലസ്ഥാനത്ത് രേഖപ്പെടുത്തിയ ശരാശരി എ.ക്യു.ഐ 391 ആണ്. 18 സ്ഥലങ്ങളിൽ വായു ഗുണനിലവാര സൂചിക ‘ഗുരുതര’ വിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചാന്ദ്‌നി ചൗക്ക്, ഡി.ടി.യു, ബവാന, ആനന്ദ് വിഹാർ, വസീർപൂർ തുടങ്ങിയ സ്ഥലങ്ങളിൽ എ.ക്യു.ഐ 400 ന് മുകളിൽ തുടരുകയാണ്.
വായു മലിനീകരണം നിയന്ത്രിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചു. സ്കൂളുകളിൽ ഔട്ട്ഡോർ സ്പോർട്സ് നടത്തുന്നതിനെതിരെ കൃത്യമായ നിയന്ത്രണങ്ങൾ ഉറപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നവംബർ-ഡിസംബർ മാസങ്ങളിൽ സ്കൂളുകൾ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബിആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിസിബിയുടെ കണക്കനുസരിച്ച് 0നും50നും ഇടയിലുള്ള എക്യുഐ ആണ് ഏറ്റവും മികച്ചത്. അത് 51-100നും ഇടയിലായാൽ തൃപ്തികരമെന്നും 101-200നും മിതമായ വായുഗുണനിലവാരമാണ്. എന്നാൽ 301-400 നും ഇടയിലായാൽ വായുവിന്റെ ഗുണനിലവാതം മോശമായി എന്നനുമാനിക്കാം. 401-500 ഇടയിലാണെങ്കിൽ അതിഗുരുതരമായി മാറി എന്നാണർഥം.




