വയനാട്ടില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ വനത്തില്‍ കാണാതായി:വനംവകുപ്പും പൊലീസും എസ്.ഒ.ജി വിഭാഗവും ഡ്രോണിൻറെ സഹായത്തോടെ സ്ത്രീക്കായി തെരച്ചിൽ തുടരുന്നു.

Spread the love

മേപ്പാടി: ഗർഭിണിയായ ആദിവാസി യുവതിയെ വനത്തില്‍ കാണാതായി. അട്ടമല ഏറാട്രകുണ്ട് ചോലനായ്ക്ക ഉന്നതിയിലെ കൃഷ്ണൻറെ ഭാര്യ ശാന്തയെ കാണാതായെന്നാണ് പരാതിയുള്ളത്.

video
play-sharp-fill

വനംവകുപ്പും പൊലീസും എസ്.ഒ.ജി വിഭാഗവും ഡ്രോണിൻറെ സഹായത്തോടെ സ്ത്രീക്കായി തിരച്ചില്‍ നടത്തിയെങ്കിലും ബുധനാഴ്ച വൈകീട്ട് വരെ കണ്ടെത്തിയില്ല. ഉരുള്‍ ദുരന്തമുണ്ടായപ്പോള്‍ ഇവരെ അട്ടമലയിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. എന്നാല്‍, സമീപത്തുള്ള മറ്റ് ആളുകളുമായി കൃഷ്ണൻ നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് അറിയുന്നത്.

അതിനാല്‍ ഉന്നതിയിലെ വീട്ടില്‍ താമസിക്കാതെ ഒഴിഞ്ഞു മാറി നടക്കുന്ന രീതിയുണ്ടെന്നും പറയപ്പെടുന്നു.ഗർഭിണിയായ ശാന്തയെ ഏതാനും ദിവസം മുമ്പ് വൈത്തിരി ഗവ. ആശുപത്രിയില്‍ കാണിച്ചിരുന്നു. ഈ മാസം 30ന് പ്രസവം നടക്കേണ്ട തീയതിയാണെന്ന് പറയുന്നു. ആശുപത്രിയില്‍നിന്ന് പോന്ന ശാന്തയും ഭർത്താവ് കൃഷ്ണനും ഇളയ കുട്ടിയും കൂടി ഏറാട്രകുണ്ട് ഉന്നതിയുടെ താഴെ ഭാഗത്തേക്ക് പോയിട്ട് കുറച്ചു ദിവസങ്ങളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളുമായി കൃഷ്ണൻ അകല്‍ച്ചയിലായതിനാല്‍ അവരുടെ വീടുകളിലൊന്നും പോകാറില്ലെന്നാന്ന് വിവരം.
ദിവസങ്ങള്‍ക്കു മുമ്പ് ചില്ലറ സാധനങ്ങള്‍ വാങ്ങാനായെത്തിയ കൃഷ്ണനെ വനപാലകരില്‍ ചിലർ കാണുകയും ഭാര്യയെയും കുട്ടിയെയും കൂട്ടി വരാൻ ആവശ്യപ്പെടുകയും ചെയ്തു. കൃഷ്ണൻ അത് സമ്മതിച്ച്‌ തിരികെ പോയെങ്കിലും ഇതു വരെ ഭാര്യയെയും കുട്ടിയെയും കൂട്ടി വന്നില്ല.

വനമേഖലയിലെവിടെയെങ്കിലും പാറയിടുക്കിലൊക്കെ കഴിയുന്ന രീതിയുള്ളതിനാല്‍ അങ്ങിനെ കഴിയുന്നുണ്ടാകാമെന്നാണ് വനം വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്.

ശാന്ത ഗർഭിണിയാണെന്നതിനാല്‍ കുടുംബത്തെ എങ്ങനെയെങ്കിലും പുറത്തെത്തിക്കണമെന്ന പട്ടികവർഗ വകുപ്പധികൃതരുടെ ആവശ്യം കൂടി കണക്കിലെടുത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർക്കായി ഡ്രോണ്‍ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, കണ്ടെത്താനായിട്ടില്ല. വരും ദിവസങ്ങളിലും തിരച്ചില്‍ തുടരും.