play-sharp-fill
കിടങ്ങൂരിൽ കാവാലിപ്പുഴയിൽ തടിപിടിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് പുന്നത്തുറ കടവിൽ നിന്ന്; വെള്ളത്തിൽ സാഹസിക വിനോദങ്ങൾ വേണ്ടെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

കിടങ്ങൂരിൽ കാവാലിപ്പുഴയിൽ തടിപിടിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് പുന്നത്തുറ കടവിൽ നിന്ന്; വെള്ളത്തിൽ സാഹസിക വിനോദങ്ങൾ വേണ്ടെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ
കോട്ടയം: കിടങ്ങൂർ കാവാലിപ്പുഴയിലൂടെ ഒഴുകിയെത്തിയ തടിപിടിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി.  മൃതദേഹം കാണാതായ കടവിൽ നിന്നും മീറ്ററുകൾ മാറിയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്.  ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനീഷ് സെബാസ്റ്റ്യന്റെ(32)  മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇതിനിടെ വെള്ളപ്പൊക്കത്തിൽ മീൻ പിടുത്തം അടക്കമുള്ള സാഹസിക വിനോദങ്ങളിൽ ഏർപ്പെടരുതെന്ന കർശന നിർദേശം നാട്ടുകാർക്ക് പൊലീസും, അഗ്നിരക്ഷാ സേനാ അധികൃതരും നൽകുന്നു. അപകടം ഒഴിവാക്കാൻ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന നിർദേശം നൽകുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് മനീഷിനെ ആറ്റിൽ വീണ് കാണാതായത്.  മനീഷും സുഹൃത്തുക്കളും ചേർന്ന് ആറ്റിൽ തടിപിടിയ്ക്കാൻ ഇറങ്ങുകയായിരുന്നു. കനത്ത മഴയിൽ ആറ്റിൽ നിന്നും ഒഴുകി വരുന്ന തടിയും സാധനങ്ങളും പിടിച്ചെടുക്കുന്നതാണ് മനീഷിന്റെയും സുഹൃത്തുക്കളുടെയും ഹോബി. ഇത്തരത്തിൽ തടി പിടിക്കുന്നതിനായാണ് കഴിഞ്ഞ ദിവസം മൂന്നംഗ സംഘം ആറ്റിൽ ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്ന ജിതീഷ്, റിനു എന്നിവർ കരയ്ക്കെത്തിയെങ്കിലും മനീഷ് ഒഴുക്കിൽപ്പെടുകയായിരുന്നു. തടി പിടിച്ചെങ്കിലും ശക്തമായ ഒഴുക്കിനെ തുടർന്ന് തടി ഇവരുടെ വരുതിയിൽ നിന്നില്ല. തുടർന്ന് ഇവർ തടിപിടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് തിരികെ നീന്തുകയായിരുന്നു.   ഇതിനിടെ മനീഷിനെ കാണാതാകുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി വൈകും വരെയും, ശനിയാഴ്ച പകൽ മുഴുവനും മനീഷിനായി പ്രദേശത്ത് അഗ്നിരക്ഷാ സേനാ അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നു ലഭിച്ചില്ല. തുടർന്ന് ഞായറാഴ്ച രാവിലെ വീ്ണ്ടും തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.  ഒഴുക്കും മഴയും പ്രതികൂലകാലാവസ്ഥയുമാണ് വില്ലനായത്. ഞായറാഴ്ച വൈകുന്നേരത്തോടെ മൃതദേഹം പുന്നത്തുറ കടവിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്സ്, സ്‌കൂബ ഡൈവേഴ്സ് സംഘങ്ങൾ ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിനിടെ കോട്ടയം പുന്നത്തുറ പള്ളിക്കടവിൽ മൃതദേഹം വന്നടിയുകയായിരുന്നു.മീനച്ചിലാറ്റിൽ കാണാതായി 3 ദിവസത്തിനു ശേഷമാണ് മൃതദേഹം ലഭിച്ചത്. നാട്ടുകാരും ഫയർഫോഴ്സും സ്‌കൂബ ടീമുമാണ് തെരച്ചിലിനുണ്ടായിരുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.