
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ പുതിയ NEP പരിഷ്കരണത്തെയും അധ്യാപകരുടെ അധിക ഭാരത്തെയും കുറിച്ച് കുറിപ്പുമായി അസ്സോസിയേറ്റ് പ്രൊഫസർ ഡോ ഷെമി.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്, ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല അവതരിപ്പിച്ച 4 വർഷത്തെ ബിരുദ പ്രോഗ്രാമുകൾ വിജയകരമായി രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ സുപ്രധാനമായ മാറ്റത്തെ സർവ്വകലാശാലയും വിദ്യാർത്ഥികളും ഒരേപോലെ സ്വാഗതം ചെയ്യുകയും ഈ വിദ്യാഭ്യാസ പരിഷ്കരണം നൽകുന്ന നൂതന സാധ്യതകളെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നു എന്നത് തീർച്ചയായും അഭിമാനാർഹമാണ്,
എന്നിരുന്നാലും ഒരു കോളേജ് അധ്യാപിക എന്ന നിലയിൽ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തണം എന്ന് തോന്നുന്നു. കഴിഞ്ഞ വർഷം NEP കൊണ്ടു വന്നപ്പോൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ഞാൻ മുമ്പ് എഴുതിയിരുന്നു. ഇപ്പോൾ അധ്യാപകരുടെ ജോലിഭാരം അതിലും എത്രയോ ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. അക്കാദമിക കാര്യങ്ങൾക്കപ്പുറം, ഈ വർഷത്തെ ഡിഗ്രി ആദ്യ വർഷ ക്ലാസുകൾ ആരംഭിച്ചപ്പോൾ മുതൽ അധ്യാപകർ ചെയ്തു കൂട്ടുന്ന ക്ലറിക്കൽ ജോലികൾക്ക് കയ്യും കണക്കുമില്ല. അതിൽ ചിലത് ഞാൻ താഴെ സൂചിപ്പിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിഗ്രി അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് APAAR ID നിർബന്ധമാണ് . APAAR ID (Automated Permanent Academic Account Registry) എന്നത് ‘One nation, One student ID’ ഇനിഷ്യേറ്റീവിന്റെ ഭാഗമാണ്. നാലു വർഷ ഡിഗ്രി ക്രെഡിറ്റ് സമ്പ്രദായം ആയതു കൊണ്ട് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ക്രെഡിറ്റ്സ് ഒക്കെ പോകുന്നത് ABC (Academic Bank of Credits ) എന്ന അക്കൗണ്ടിലേക്കാണ്. അത് മാനേജ് ചെയ്യാൻ വേണ്ടിയുള്ളതാണ് ഈ ഐഡി. പുതിയ അക്കാദമിക പരിഷ്കാരങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളുടെ ഈ ഐഡി (12 അക്ക നമ്പർ) യൂണിവേഴ്സിറ്റി പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ട ചുമതല അധ്യാപകർക്കാണ്.
അടുത്തത് കോഴ്‌സ് മാപ്പിംഗ് ആണ്. ഇതിൽ, ഒരു സെമസ്റ്ററിൽ ഡിപ്പാർട്ട്‌മെന്റ് നൽകുന്ന കോഴ്‌സുകളും (subjects), അവ എടുക്കുന്ന അധ്യാപകരുടെ വിവരങ്ങളും യൂണിവേഴ്‌സിറ്റി പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
അടുത്തത് വിദ്യാർത്ഥികളെ കൊണ്ട് കോഴ്സ് മാപ്പിംഗ് ചെയ്യിക്കലാണ്. ഒരു വിദ്യാർത്ഥി ഒരു സെമസ്റ്റർ 6 കോഴ്സുകൾ പഠിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി പോർട്ടലിൽ കയറി അവരുടെ കോഴ്സുകൾ തിരഞ്ഞെടുപ്പിക്കുന്ന ചടങ്ങാണത്. അതിന് ശേഷം അവർ തിരഞ്ഞെടുത്തിരിക്കുന്നത് ശരിയായ കോഴ്സുകൾ തന്നെയാണോ എന്ന് ഉറപ്പു വരുത്തേണ്ടത് അധ്യാപകരാണ്. ഒരു ക്ലാസ്സിലെ വിദ്യാർത്ഥികൾ പല വിഷയങ്ങളാവും പഠിക്കുക. നോക്കൂ, ഒരു വിദ്യാർത്ഥിയുടെ 6 കോഴ്സുകൾ വെച്ച് 50 പേരുണ്ടെങ്കിൽ അത്രയും എൻട്രി അധ്യാപകർ പരിശോധിച്ച് ഉറപ്പു വരുത്തണം. യൂണിവേഴ്സിറ്റിയിൽ സമർപിച്ചതിനു ശേഷം എന്തെങ്കിലും തെറ്റുകൾ വന്നാൽ ഒരു കോഴ്സിന് 650 രൂപയാണ് ഫൈൻ ആയി യൂണിവേഴ്സിറ്റി വാങ്ങുന്നത്. അത്രയ്ക്ക് ശ്രദ്ധ കൊടുത്തു ചെയ്യേണ്ട കാര്യം. ഇത് ചെയ്യാൻ വേണ്ടി ഞങ്ങളുടെ രണ്ട് ദിവസമാണ് പോയത്. അത് കൊണ്ട് അന്നത്തെ ക്ലാസ്സുകളും മുടങ്ങി.
ഇതൊക്കെ 17 വയസ്സായ വിദ്യാർത്ഥികൾ തനിയെ ചെയ്യേണ്ട കാര്യമല്ലേ ? അധ്യാപകരെ കൊണ്ട് ചെയ്യിക്കുന്നത് മൂലം ഒരു കൂട്ടം സ്വയം പര്യാപ്‌തത ഇല്ലാത്ത ജനതയെ വാർത്തെടുക്കാൻ യൂണിവേഴ്സിറ്റി കൂട്ട് നിൽക്കുന്നു എന്ന് പറയുന്നതാവും ശരി.
കോഴ്‌സ് മാപ്പിംഗ് പൂർത്തിയാകുമ്പോഴേക്കും ഏതാണ്ട് സെമസ്റ്റർ അവസാനിക്കുകയും പരീക്ഷാ രജിസ്ട്രേഷനുള്ള സമയം ആവുകയും ചെയ്യും. ഈ വർഷം മുതൽ, പരീക്ഷ രജിസ്ട്രേഷനും, മതിയായ ഹാജർ ഇല്ലാത്ത വിദ്യാർത്ഥികളുടെ ഫൈൻ അടച്ചുള്ള രജിസ്‌ട്രേഷൻ (condonation) വിവരങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. മുൻപ് ഓഫീസിൽ ചെയ്തിരുന്ന ഈ അധിക ചുമതല കൂടി അധ്യാപകരുടെ ജോലിയുടെ പട്ടികയിലേക്ക് വന്നിട്ടുണ്ട്.
ഇനിയാണ് യൂണിവേഴ്സിറ്റി പരീക്ഷകളുടെ വരവ്. തിയറി പരീക്ഷകൾക്കിടയിൽ പ്രാക്ടിക്കൽ പരീക്ഷകൾ നടത്തേണ്ടിവരുന്നത് അധ്യാപകർക്ക് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക്, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രാക്ടിക്കൽ ക്ലാസുകൾ ഉൾപ്പെടെ പൂർത്തിയാക്കാൻ ബുദ്ധിമുട്ടേണ്ടി വരുന്നു. പഠിപ്പിക്കുക, അതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുക, ഇന്റേണൽ പരീക്ഷകൾ നടത്തുക തുടങ്ങിയ കാര്യങ്ങൾക്കിടയിൽ വിദ്യാർത്ഥികളുമായി ഫലപ്രദമായി സംസാരിക്കാൻ പോലും സമയം ലഭിക്കാത്ത അവസ്ഥയിലാണ് അധ്യാപകർ.
ഒന്നാം/മൂന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ വെച്ചാണ് നടത്തുന്നത്. പരീക്ഷ തീരുന്നതിനു മുൻപ് മൂല്യനിർണ്ണയം തുടങ്ങുകയും ചെയ്തു. മാർക്കുകൾ അധ്യാപകർ തന്നെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും വേണം.
നിലവിൽ കോളേജുകളിൽ വിവിധ സെമസ്റ്ററുകളുടെ അക്കാദമിക ജോലികൾ ഒരേസമയം നടക്കുകയാണ്. ഒരുഭാഗത്ത് S3 യൂണിവേഴ്സിറ്റി പരീക്ഷകൾ, അതിന്റെ മൂല്യനിർണയം, ഇന്റേണൽ മാർക്ക് അപ്‌ലോഡിംഗ് എന്നിവ നടക്കുന്നു.
മറ്റൊരിടത്ത് S1 വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷകളും, അതിന് സമാനമായ ഡ്യൂട്ടികളും. ഇതിനെല്ലാം പുറമേ, പഴയ സ്കീമിലുള്ള S5 പരീക്ഷകളും പ്രാക്ടിക്കൽ ജോലികളും. ഈ തിരക്കിനിടയിൽ, പഠിപ്പിച്ചു തീർക്കേണ്ട ഭാഗങ്ങൾ പൂർത്തിയാക്കാൻ അധ്യാപകർ നെട്ടോട്ടം ഓടുകയാണ്.
നിലവിലെ പരീക്ഷ സമ്പ്രദായം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പഠിപ്പിക്കാൻ സമയം നൽകാതെ, പരീക്ഷകൾ കൃത്യസമയത്ത് നടത്തി, അധ്യാപകരെക്കൊണ്ട് മാർക്ക് അപ്‌ലോഡ് ചെയ്യിച്ച്, വേഗത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നതിൽ മാത്രമാണ് യൂണിവേഴ്സിറ്റി ശ്രദ്ധിക്കുന്നത്. എന്നിട്ട് ആദ്യം റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിന്റെ ക്രെഡിറ്റും.. ഇത് അക്കാദമിക നിലവാരത്തെ ബാധിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല.
ഇന്നത്തെ ഡിഗ്രി വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേർക്കും ക്ലാസുകളിൽ ശ്രദ്ധിക്കാനോ, കേട്ടിരിക്കാനോ ഉള്ള ക്ഷമയില്ല. 5-10% ഒഴികെ ബാക്കിയുള്ളവർ വെറും പാസ് മാർക്കിനുവേണ്ടി മാത്രം പരീക്ഷ എഴുതുന്നവരാണ്. പരീക്ഷാ ഹാളുകളിൽ ഉറങ്ങുകയോ, അലക്ഷ്യമായി സമയം കളയുകയോ ചെയ്യുന്ന വിദ്യാർത്ഥികളെ യാണ് കാണാൻ കഴിയുക. ഇത്തരം അവസ്ഥയിൽ പഠിപ്പിക്കുന്ന രീതിയിലും പരീക്ഷ നടത്തുന്ന രീതികളിലും മാറ്റം കൊണ്ട് വരേണ്ടത് അനിവാര്യമല്ലേ ?..
അക്കാദമികമായ ഈ വെല്ലുവിളികൾക്ക് പുറമെയാണ്, കോളേജുകൾക്ക് NAAC, NIRF, KIRF, AISHE തുടങ്ങിയ റാങ്കിംഗുകൾക്കുവേണ്ടിയുള്ള കണക്കെടുപ്പുകളും അനുബന്ധ ജോലികളും അധ്യാപകർ നിർവഹിക്കേണ്ടി വരുന്നത്.
യൂണിവേഴ്സിറ്റി അധികൃതർ ചുമത്തുന്ന അമിതമായ ജോലികൾ കാരണം, പാവം അധ്യാപകർ ബലിയാടാകുകയാണ്. പഠിപ്പിക്കാനുള്ള താൽപര്യം കൊണ്ട് ഈ ജോലി തിരഞ്ഞെടുത്തവർ പോലും, നിലവിലെ ജോലിഭാരം കാരണം മറ്റ് വഴികൾ തേടാൻ നിർബന്ധിതരാകുന്നു. എം ടെക്കും, പി എച്ച് ഡി യും ഒക്കെ ചെയ്തത് ഈ ക്ലറിക്കൽ പണി ചെയ്യാനാണോ എന്ന് ഓർത്തു പോകുന്നു?
അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ചില കാര്യങ്ങൾ യൂണിവേർസിറ്റി തലത്തിൽ ചെയ്യാവുന്നതാണ്.
അധ്യാപകർക്ക് പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ മിനിമം സമയം അനുവദിക്കാം. സെമസ്റ്റർ പരീക്ഷകൾക്കിടയിൽ കൃത്യമായ ഇടവേളകൾ ഉറപ്പാക്കണം. പരീക്ഷകൾ പൂർണ്ണമായും അവസാനിച്ചതിന് ശേഷം മാത്രം മൂല്യനിർണയം ആരംഭിച്ചാൽ ചില ഓട്ടപ്പാച്ചിലുകൾ കുറക്കാം. വിദ്യാർത്ഥികൾ ചെയ്യേണ്ട പണികൾ അവർക്കും ക്ലറിക്കൽ പണികൾ മറ്റും ഓഫീസ് സ്റ്റാഫിന് പകുത്തു നൽകിയാൽ അധിക ജോലിഭാരം കുറക്കാൻ സാധിക്കും. ഇതൊന്നും സാധ്യമായില്ലെങ്കിൽ പരീക്ഷകൾക്ക് പകരം, മറ്റ് ഫലപ്രദമായ മൂല്യനിർണയ നടപടിക്രമങ്ങൾ കൊണ്ടുവരണം.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മാത്രമാണ് അധ്യാപകരുടെ മേൽ ഇത്രയധികം ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് എന്ന് തോന്നുന്നു. അതേസമയം, കാലിക്കറ്റ്, കേരള സർവ്വകലാശാലകളിൽ ഇത്രയും പ്രശ്നങ്ങളില്ല എന്നാണ് മനസ്സിലാക്കുന്നത്. ചാൻസിലർ ട്രോഫി ആണ് അതിന് കാരണമെന്ന് തോന്നുന്നു. ഞങ്ങൾ സർവിസിൽ പ്രവേശിച്ച 2000 ങ്ങളിൽ ഉണ്ടായിരുന്ന ആ സുവർണ്ണ കാലഘട്ടം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നത് വളരെ ദുഖകരമാണ് എന്ന് പറഞ്ഞു
കൊണ്ടാണ് ഡോ ഷെമി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.



