ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ 5 പേർ ഒളിവിൽ; ബന്ധുക്കളും സുഹൃത്തുക്കളും കരുതൽ തടങ്കലിൽ

Spread the love

തിരുവനന്തപുരം: ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ യുവാവിനെ നടുറോഡിൽവച്ച് കുത്തിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി അടക്കം 5 പേർ ഒളിവിൽ. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ തൈക്കാട് എം.ജി. രാധാകൃഷ്ണൻ റോഡിലാണ് തമ്പാനൂർ അരിസ്റ്റോ ജംക്‌ഷൻ തോപ്പിൽ ഡി 47 ൽ അലനെ (18) മർദിച്ച ശേഷം കുത്തിക്കൊലപ്പെടുത്തിയത്.

video
play-sharp-fill

കേസിലെ ആറും ഏഴും പ്രതികളായ സന്ദീപ് (27), അഖിലേഷ് (20) എന്നിവരെ കന്റോൺമെന്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപ് നിരവധി ക്രിമിനൽ കേസുകളിലും മ്യൂസിയം പൊലീസിൽ കാപ്പ കേസിലും പ്രതിയാണ്. അഖിലേഷും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒളിവിലുള്ളവരെ സഹായിക്കുന്നത് തടയാൻ ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് കരുതൽ തടങ്കലിലാക്കി. പ്രായപൂർത്തിയാകാത്തവരാണ് പ്രതികളെന്നാണ് സൂചന. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിലുൾപ്പെട്ട ജഗതി സ്വദേശിയായ പതിനാറുകാരനെ ചോദ്യം ചെയ്തുവരുകയാണ്.

സംഘർഷത്തിലുൾപ്പെടാതെ മാറി നിന്ന അലനെ സംഘത്തിലുള്ള ആളെന്നു തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കമ്പി പോലുള്ള ആയുധം കൊണ്ടുള്ള കുത്ത് ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയതാണ് മരണകാരണം. അലനെ സുഹൃത്തുക്കൾ ഉടൻ സ്കൂട്ടറിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസം മുൻപ് പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോൾ മത്സരത്തിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. ഒത്തുതീർപ്പ് ചർച്ചയ്ക്കായി തിങ്കളാഴ്ച ഒത്തുകൂടിയ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. തർക്കത്തിനിടെ ഒരു സംഘം സന്ദീപിനെയും പ്രായപൂർത്തിയാകാത്ത ആളെയും വിളിച്ചു വരുത്തി. ആയുധങ്ങളുമായാണ് ഇവർ എത്തിയത്. അലൻ മറുപക്ഷത്തിന്റെ കൂട്ടത്തിലുള്ളയാളാണെന്ന് വിചാരിച്ച് ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളുടെ തർക്കം മുതിർന്നവർ ഏറ്റെടുക്കുകയും കാപ്പ കേസിലെ പ്രതിയും ഗുണ്ടകളും വരെയെത്തി കൊലപാതകം നടത്തുകയും ചെയ്തത് നഗരസുരക്ഷയുടെ പരിതാപകരമായ അവസ്ഥയാണ് വെളിപ്പെടുത്തുന്നത്. പൊലീസ് കമ്മിഷണർ ഓഫിസിന് അരക്കിലോമീറ്റർ മാത്രം അകലെയാണ് പകൽ നടുറോഡിൽ അരുംകൊല നടന്നതെന്നത് പൊലീസിന് നാണക്കേട് ഇരട്ടിയാക്കി. ഒരു മാസത്തിനിടെ ഈ പ്രശ്നത്തെ ചൊല്ലി നഗരത്തിൽ പലയിടങ്ങളിൽ ഒട്ടേറെ തവണ കുട്ടികൾ ഉൾപ്പടെയുള്ളവർ സംഘം ചേർന്ന് ഏറ്റുമുട്ടിയിട്ടും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ല. കുട്ടികളുടെ തർക്കം പരിഹരിക്കാൻ ക്രിമിനൽ കേസ് പ്രതികളെത്തിയതും അറിയാനോ അക്രമം തടയാനോ കഴിഞ്ഞതുമില്ല.

രണ്ട് ക്ലബ്ബിലുള്ളവർ തമ്മിലുള്ള പ്രശ്നമാണെന്ന മട്ടിൽ സംഭവം ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമം. കാപ്പ കേസ് പ്രതിയും ഗുണ്ടാബന്ധമുള്ളവരും ഉൾപ്പെട്ട സംഘം പ്രശ്നത്തിൽ ഇടപെട്ടത് ക്വട്ടേഷന്റെ ഭാഗമാണോയെന്നും സംശയമുണ്ട്. നഗരത്തിൽ വലിയ കുറ്റകൃത്യം നടന്ന് കഴിഞ്ഞാണ് പലപ്പോഴും പൊലീസ് നിരീക്ഷണം ശക്തമാക്കുന്നത്. ഇരു വിഭാഗവുമായി ബന്ധമുള്ള എല്ലാവരും നിരീക്ഷണത്തിലാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു.