
വെഞ്ഞാറമൂട്: പതിനാറുകാരനെ നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേരാൻ നിരന്തരം പ്രേരിപ്പിക്കുന്നതായി ബന്ധുക്കളുടെ പരാതിയിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു. വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് മതം മാറ്റിയിരുന്നു. അതിനുശേഷം ഇയാൾ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐഎസിൽ ചേരാൻ നിരന്തരം പ്രേരിപ്പിക്കുകയായിരുന്നു.
വിവാഹശേഷം കുട്ടിയുടെ മാതാവും രണ്ടാനച്ഛനും യുകെയിൽ പോയി. പിന്നീട് കുട്ടി യുകെയിൽ എത്തിയപ്പോൾ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ ആഹ്വാനംചെയ്യുന്ന വീഡിയോദൃശ്യങ്ങൾ കാട്ടി കുട്ടിയെ സമ്മതിപ്പിക്കുകയായിരുന്നു. തുടർന്ന് യുകെയിൽനിന്നു നാട്ടിലെത്തിയ ഇവർ കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള മതപാഠശാലയിൽ ചേർത്തു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെമ്പായത്താണ് സംഭവം.
കുട്ടിയുടെ സ്വഭാവത്തിലെ കാര്യമായ മാറ്റംകണ്ട് മതപാഠശാലാ അധികൃതർ അമ്മയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിവരങ്ങൾ ചോദിച്ചറിയുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതായി കണ്ടെത്തിയത്. ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജുലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ എൻഐഎയും വിവരശേഖരണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



