Spread the love

മക്കയില്‍ നിന്ന്  മദീനയിലേക്കു പുറപ്പെട്ട ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  45 പേരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ അഗ്നിഗോളമായി മാറിയ ബസ്സില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് 24 വയസ്സുള്ള അബ്ദുദുല്‍ ശുഐബ് മുഹമ്മദ് എന്ന ഹൈദരാബാദ് സ്വദേശി മാത്രമാണ്.

video
play-sharp-fill

45 തീർഥാടകരില്‍ 20 സ്ത്രീകളും പതിനൊന്ന് പേർ പതിനഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുമായിരുന്നു. മരിച്ച 42 ഇന്ത്യൻ തീർഥാടകരില്‍ 18 പേർ ഹൈദരാബാദ് സ്വദേശികളായ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ് എന്നത് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. ഒൻപത് കുട്ടികളടക്കം ഒരേ കുടുംബത്തിലെ മൂന്ന് തലമുറയില്‍പ്പെട്ടവരാണ് അപകടത്തില്‍ ഇല്ലാതായത്. ഹൈദരാബാദ് സ്വദേശികളായ ഇവർ കഴിഞ്ഞ എട്ട് ദിവസം മുൻപാണ് ഉംറയ്ക്ക് പോയതെന്നും ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

മദീനയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ വെച്ച്‌ സൗദി സമയം രാത്രി 11 മണിയോടെ (ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെ) ആണ് അപകടമുണ്ടായത്. യാത്രക്കാരില്‍ ഭൂരിഭാഗവും ഉറങ്ങുന്ന സമയത്താണ് അപകടം നടന്നത്. അതിനാല്‍ത്തന്നെ ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിച്ചപ്പോള്‍ അവർക്ക് പെട്ടെന്ന് രക്ഷപ്പെടാനായില്ല. ജനല്‍ച്ചില്ല് തകർത്ത് പുറത്തേക്ക് ചാടിയാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ ഷൊഐബ് രക്ഷപ്പെട്ടത്. കൈകള്‍ക്ക് പൊള്ളലേറ്റ ഇദ്ദേഹം മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍  ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫൻസ് സേന മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ടവരെ ആരെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ്. മൃതദേഹങ്ങള്‍ മദീന കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധനയ്ക്ക്  ശേഷം മൃതദേഹങ്ങള്‍ മദീനയില്‍ മതപരമായ ആചാരങ്ങള്‍ അനുസരിച്ച്‌ സംസ്കരിക്കാൻ തീരുമാനിച്ചു. ഇതിനായി ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് രണ്ട് പേരെ വീതം സൗദിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ നടന്നു വരികയാണ്.