തിരുവനന്തപുരത്ത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് സ്‌കൂൾവിദ്യാർഥികൾ തമ്മിൽ സംഘർഷം; ഇടപെട്ട യുവാവിന് കുത്തേറ്റ് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് സ്‌കൂൾവിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഇടപെട്ട യുവാവ് കുത്തേറ്റ് മരിച്ചു. മൂർച്ചയേറിയതും കനം കുറഞ്ഞതുമായ ആയുധം വാരിയെല്ലുകൾക്കിടയിലൂടെ ഹൃദയത്തിലേക്കു തറച്ചുവെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ഹൃദയത്തിനേറ്റ മുറിവ് കാരണമുള്ള ആന്തരികരക്തസ്രാവമാണ് മരണകാരണം.

video
play-sharp-fill

അരിസ്റ്റോ ജങ്‌ഷൻ തോപ്പിൽ ഡി 47-ൽ മഞ്ജുവിന്റെ മകൻ അലൻ(18) ആണ് മരിച്ചത്. ഇടതുനെഞ്ചിൽ ആഴത്തിലുള്ള കുത്തേറ്റ അലനെ ഒപ്പമുണ്ടായിരുന്ന രാഹുലും അനൂപും ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്തേറ്റ് ഏറെ വൈകാതെ മരണം സംഭവിച്ചിരുന്നു.

സുഹൃത്തുക്കൾ ചേർന്ന് ബൈക്കിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഇരുവർക്കും മധ്യത്തായി ഇരുത്തിയിരുന്ന അലന്റെ കാലുകൾ യാത്രയ്ക്കിടെ നിലത്തുരഞ്ഞ് മുറിവേറ്റ നിലയിലാണ്. യാത്രയ്ക്കിടെതന്നെ ജീവൻ നഷ്ടമായെന്ന നിഗമനത്തിലാണ് പോലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകീട്ട് ആറിന് തൈക്കാട് ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് സംഭവം. രാജാജിനഗറിലെ കൗമാരക്കാരും സമീപത്തെ സ്‌കൂൾവിദ്യാർഥികളും തമ്മിൽ സ്ഥിരമായി തർക്കമുണ്ടായിരുന്നു. ഇടയ്ക്കിടെ കൈയാങ്കളിയിലുമെത്തി. ഇതിൽ മുതിർന്നവരും ഇടപെട്ടതാണ് കത്തിക്കുത്തിൽ കലാശിച്ചത്.

പേരൂർക്കട മണികണ്‌ഠേശ്വരം സ്വദേശിയായ അലന്റെ കുടുംബം ആറുമാസത്തിനു മുൻപാണ് അരിസ്റ്റോ ജങ്‌ഷനിൽ വാടകയ്ക്കു താമസിക്കാനെത്തിയത്. രാജാജിനഗറിലുള്ള സഹോദരി ആൻഡ്രിയയുടെ ഭർത്താവിന്റെ വീട്ടിൽ അലൻ സ്ഥിരമായി എത്തുമായിരുന്നു. ഇതിനിടെ ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനു പരിഹാരം കാണാൻ സുഹൃത്തുക്കൾ വിളിച്ചതിനെത്തുടർന്നാണ് തൈക്കാട് ക്ഷേത്രത്തിനു സമീപം എത്തിയത്. വാക്കുതർക്കമുണ്ടാകുകയും ഒരാളെ അലൻ മർദിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. പ്രകോപിതരായ സംഘം അലനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി. എഴുന്നേൽക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റത്.

അലന്റെ സഹോദരി ആൻഡ്രിയ ഒരുവർഷം മുൻപ്‌ മരിച്ചിരുന്നു. അമ്മ മഞ്ജു വീട്ടുജോലിക്കാരിയാണ്. അലനെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെട്ടതെന്നു കരുതുന്ന നാലുപേരെ കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷമുണ്ടായ സമയത്ത് അലനോടൊപ്പമുണ്ടായിരുന്നവരെയും പോലീസ് ചോദ്യംചെയ്തു.