പെൺകുട്ടികളെ തൊട്ടാൽ കൈ വെട്ടും പൊലീസ്..! പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട പ്രതിയെ റിയാദിലെത്തി പൊക്കി മെറിൻ ജോസഫ് ഐ പി എസ്: കേരള പൊലീസിലെ പെൺപുലി മെറിൻ കൊല്ലത്ത് തകർക്കുന്നു
ക്രൈം ഡെസ്ക്
കൊല്ലം: മകളെ പോലെ കരുതേണ്ട പിഞ്ചു കുട്ടിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ നരാധമന വിദേശത്ത് ചെന്ന് പൊക്കി വിലങ്ങ് വച്ച് അകത്താക്കി കൊല്ലത്തെ പുലിക്കുട്ടി ഐ പി എസുകാരി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് ഐ പി എ സാണ് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട പ്രതിയെ ഒളിവിൽ കഴിഞ്ഞ വിദേശ രാജ്യത്ത് പോയി പൊക്കി അകത്തിട്ടത്.
കരുനാഗപ്പള്ളി കുലശേഖരപുരം കോളഭാഗത്ത് കൈപ്പള്ളി തെക്കതില്‍ സുനില്‍കുമാര്‍ ഭദ്രനാണ് (39) അറസ്റ്റിലായത്. 2017 ലായിരുന്നു സംഭവങ്ങളുടെ തുടക്കം. സൗദി അറേബ്യയിലെ റിയാദില്‍ ജോലി ചെയ്തിരുന്ന സുനില്‍കുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ ഒരു ബന്ധുവുമായുള്ള അടുപ്പം വച്ച് ആ വീട്ടില്‍ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയായിരുന്നു. മൂന്ന് മാസത്തെ പീഡനം താങ്ങാന്‍ കഴിയാതെവന്ന പെണ്‍കുട്ടി വിവരം സഹപാഠികളെ അറിയിച്ചു. സഹപാഠികള്‍ അദ്ധ്യാപികയ്ക്ക് വിവരം കൈമാറി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു. അപ്പോഴേക്കും സുനില്‍കുമാര്‍ സൗദി അറേബ്യയിലേക്ക് കടന്നുകളഞ്ഞു.
കുടുംബത്തിലെ ഒരംഗത്തെ പോലെ കരുതിയിരുന്ന സുനില്‍കുമാര്‍ താനുമായുള്ള ചങ്ങാത്തം മുതലെടുത്ത് താന്‍ മകളെ പോലെ കണ്ടിരുന്ന 14 കാരിയോട് കാട്ടിയ ക്രൂരതയില്‍ മനംനൊന്ത് ആ ബന്ധു ജീവനൊടുക്കി. മാതാപിതാക്കള്‍ക്കൊപ്പം അതീവ സന്തോഷവതിയായി കഴിയേണ്ട നാളുകളില്‍ സര്‍ക്കാര്‍ അനാഥ മന്ദിരത്തിലെ യാന്ത്രിക ജീവിതം പെണ്‍കുട്ടിയെ കൂടുതല്‍ തളര്‍ത്തി. 2017 ജൂണ്‍ 8ന് അതിഥിമന്ദിരത്തില്‍ സമാന സാഹചര്യത്തില്‍ എത്തപ്പെട്ട ഒരു പതിനഞ്ചുകാരിയും പെണ്‍കുട്ടിയും ഒരു മുഴം കയറില്‍ ഒരുമിച്ചു കെട്ടി തൂങ്ങി ജീവനൊടുക്കി. പ്രതിയെ പിടികൂടിയ വഴി വിദേശത്തേക്ക് കടന്ന പ്രതിയെ പിടിക്കാന്‍ പൊലീസ് കഠിന പ്രയത്നം തന്നെ നടത്തി. ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികളുമായി ബന്ധപ്പെട്ടാണ് ഒടുവില്‍ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെ നാട്ടിലെത്തിക്കാന്‍ വിദേശത്ത് റെഡ് കോര്‍ണര്‍ പുറപ്പെടുവിക്കാനുള്ള നടപടികള്‍ ഇന്റര്‍പോള്‍ മുഖേന നടത്തി. ഈ അന്താരാഷ്ട്ര അന്വേഷണ സംവിധാനത്തിന്റെ കേരളത്തിലെ നോഡല്‍ ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്ത് ഇതിനുള്ള കത്ത് സി.ബി.ഐ മുഖേന സൗദി തലസ്ഥാനമായ റിയാദ് നാഷണല്‍ ക്രൈം ബ്യൂറോയ്ക്ക് കൈമാറി.
പ്രതി സുനില്‍കുമാര്‍ ജോലി ചെയ്യുന്ന സ്ഥലവും സ്പോണ്സറെയും കണ്ടെത്തിയ അവിടത്തെ ക്രൈം ബ്യൂറോ ഇയാളെ റിയാദ് പൊലീസിന്റെ കസ്റ്റഡിയില്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് വിവരം കേരള പൊലീസിന് കൈമാറി.ഗള്‍ഫില്‍ പോയി പ്രതിയെ കൂട്ടാന്‍ ടീമിനെ നിശ്ചയിച്ചു. വിദേശയാത്രയ്ക്ക് അനുമതി തേടി കൊല്ലം സിറ്റി പൊലീസ് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഉടന്‍ അനുഭാവപൂര്‍ണമായ കുറിപ്പോടെ കത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. ഒട്ടും താമസിക്കാതെ ക്ലിയറന്‍സ് ലഭിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന് ജോസഫ്, ക്രൈം റെക്കാഡ്സ് ബ്യൂറോ കൊല്ലം സിറ്റി എ.സി.പി എം.അനില്‍കുമാര്‍, ഓച്ചിറ സി.ഐ ആര്.പ്രകാശ് എന്നിവര്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിലൂടെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതോടെ മൂന്നാഴ്ചയായി തടങ്കലിലായിരുന്ന പ്രതിയെ അവിടെ വച്ച് കൈമാറി. വിദേശത്ത് നിന്ന് പ്രതിയെ കൈമാറുന്നതിന് സാങ്കേതിക നൂലാമാലകള്‍ തടസമാകാതിരിക്കാനാണ് വനിത ഐ.പി.എസ് ഓഫീസര്‍ നേരിട്ടെത്തിയത്. കേസിന്റെ ഗൗരവം ബോദ്ധ്യപ്പെട്ട ഇന്ത്യന്‍ എംബസിയും റിയാദ് പൊലീസും നടപടികള്‍ വേഗം പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാദ് സായദും റിയാദ് ക്രൈം വിംഗിലെ മലയാളി ഉദ്യോസ്ഥന് മുഹമ്മദും ഏറെ സഹായിച്ചെന്ന് കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രതി എത്തിയപ്പോഴും ഒപ്പം പൊലീസുണ്ടെന്ന് അറിയാതിരുന്ന എമിഗ്രേഷന്‍ വിഭാഗം ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ സുനില്‍കുമാറിനെ തടഞ്ഞുവച്ചു. ഗള്‍ഫില്‍ വച്ച് സുനില്‍കുമാറിന്റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി നല്കിയ എമര്‍ജന്‍സി പാസ്പോര്ട്ടിലൂടെയാണ് പ്രതിയെ നാട്ടിലെത്തിക്കാന്‍ പൊലീസിനായത്.
പ്രതികളെ കൈമാറാന്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കരാര്‍ നിലവില്‍ വന്നശേഷം ആദ്യമായി ആ രാജ്യത്ത് എത്തുന്ന വനിതാ പൊലീസ് ഓഫീസറെന്ന അംഗീകാരത്തിനും ഇതിലൂടെ മെറിന് ജോസഫ് അര്‍ഹയായി. പ്രതി റിമാന്‍ഡില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിന് പാര്‍ലമെന്റ് പാസാക്കിയ പോക്സോ നിയമത്തിന് പുറമെ ഐ.പി.സി 305 (ആത്മഹത്യാ പ്രേരണ കുറ്റം), 1989ല്‍ പാസാക്കിയ പട്ടിക ജാതി - വര്‍ഗ വിഭാഗത്തിനെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമത്തിന്റെ പ്രസക്ത വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് പ്രതി സുനില്‍കുമാറിനെതിരെ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.