
മലപ്പുറം: മലപ്പുറം എടക്കരയില്‍ ഹണിട്രാപ്പ് കേസില്‍ ഒൻപതാം പ്രതിയായ അയല്‍വാസിയായ യുവതിയും ഭർത്താവും ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പള്ളിക്കുത്ത് സ്വദേശി രതീഷിനെ നഗ്നനാക്കി മർദിച്ച് ജീവനൊടുക്കാൻ പ്രേരിപ്പിച്ച കേസിലാണ് സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീണ്‍, മഹേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. 2024 നവംബറിലാണ് സംഭവം നടന്നത്.
സംഭവത്തിനു പിന്നില്‍ അയല്‍വാസിയായ സിന്ധു ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണെന്ന് രതീഷിന്റെ കുടുംബം ആരോപിച്ചിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തിയെന്നും, ഇതിലുണ്ടായ മാനസിക സമ്മർദ്ദത്തെത്തുടർന്നാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും സഹോദരൻ രാജേഷും പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരാതികളെത്തുടർന്ന് എടക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
ഡല്‍ഹിയില്‍ വ്യവസായിയായിരുന്ന രതീഷിനെ, കടം വാങ്ങിയ പണം തിരികെ നല്‍കാനാണെന്ന് പറഞ്ഞ് സിന്ധു വീട്ടിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. വീട്ടിലെത്തിയ രതീഷിനെ സിന്ധുവും കൂട്ടാളികളും ചേർന്ന് ബലം പ്രയോഗിച്ച് നഗ്നനാക്കി. തുടർന്ന്, വിവസ്ത്രനായ രതീഷിനൊപ്പം സിന്ധു ചിത്രമെടുത്തു.
ഈ ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാൻ 2 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടതായും പറയപ്പെടുന്നു. പണം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ, ചിത്രങ്ങള്‍ രതീഷിന്റെ സ്കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യക്കും കൂട്ടുകാർക്കും അയച്ചുകൊടുത്തതായി അമ്മ തങ്കമണി ആരോപിച്ചു.
ചിത്രങ്ങള്‍ പുറത്തായതോടെയുണ്ടായ നാണക്കേടും മാനഹാനിയുമാണ് രതീഷിന്റെ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ മൊഴി. 2024 ജൂണ്‍ 11-നാണ് രതീഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.







