
കൊല്ലം: കൊല്ലം പുനലൂരിൽ കാലാവധി കഴിഞ്ഞ് പൊളിക്കാൻ നിർദേശം നല്‍കിയ സർക്കാർ ബൈക്ക് വ്യാജരേഖ ചമച്ച് വീണ്ടും രജിസ്റ്റർ ചെയ്യാൻ ശ്രമം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടരുടെ പേരില്‍ 15 വർഷം മുൻപ് രജിസ്റ്റർ ചെയ്ത ബുള്ളറ്റാണ് വ്യാജ രേഖ ചമച്ച് വീണ്ടും രജിസ്ട്രേഷന് എത്തിയത്. പുനലൂർ സബ് ആർടി ഓഫീസില്‍ ഹാജരാക്കിയ രേഖകളില്‍ സംശയം തോന്നിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ വിഎസ്. സിമോദ് പരിവാഹൻ സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കൃത്രിമം തെളിഞ്ഞത്.
തുടർനടപടികള്‍ക്കായി വ്യാജരേഖകള്‍ ജോയിന്റ് ആർടിഒ സുനില്‍ ചന്ദ്രൻ പുനലൂർ പൊലീസിന് കൈമാറി. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കെഎല്‍ -01 എവി 4409 എന്ന നമ്പറിലെ ബൈക്കാണ് വീണ്ടും രജിസ്ട്രേഷന് എത്തിച്ചത്. രജിസ്‌ട്രേഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് പൊളിക്കുന്നതിനായി വാഹനം സ്വകാര്യ കമ്ബനിക്ക് കൈമാറിയിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നിയമപരമായി റദ്ദുചെയ്തിരുന്നു. ഇതേ വാഹനം ഹിമാചല്‍പ്രദേശില്‍ രജിസ്റ്റർ ചെയ്തതായി വ്യാജരേഖകള്‍ ചമയ്ക്കുകയായിരുന്നു. സൈന്യം ലേലം ചെയ്ത വാഹനമെന്ന നിലയിലായിരുന്നു ഇതിന്റെ രജിസ്‌ട്രേഷൻ.
ജൂലായ് 22ന് സൈന്യത്തില്‍ നിന്ന് ലേലത്തില്‍ വാങ്ങിയെന്നും 24-ന് രജിസ്റ്റർ ചെയ്തെന്നുമായിരുന്നു രേഖകളിലുള്ളത്. തുടർന്ന് ഇത് കേരളത്തില്‍ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് രേഖകള്‍സഹിതം എത്തിക്കുകയായിരുന്നു. വാഹനവില്‍പ്പനയുടെ പേരില്‍ വ്യാപകമായ തട്ടിപ്പാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞു. സൈന്യം ഉപയോഗിച്ചതെന്ന വ്യാജേന മാരുതി ജിപ്‌സി, ബുള്ളറ്റ് തുടങ്ങിയ വാഹനങ്ങളാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നതെന്നും അവർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group



