play-sharp-fill
ഷാംപുവും വെള്ള പെയിന്റും ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ പാൽ വിപണിയിൽ; ആറ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതായി കണ്ടെത്തി

ഷാംപുവും വെള്ള പെയിന്റും ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ പാൽ വിപണിയിൽ; ആറ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതായി കണ്ടെത്തി

സ്വന്തം ലേഖിക

ഭോപ്പാൽ: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലേക്ക് കൃത്രിമ പാൽ നിർമിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങൾ റെയ്ഡിൽ കണ്ടെത്തി. മധ്യപ്രദേശിലാണ് റെയ്ഡിൽ കൃത്രിമ പാൽ ഉത്പാദന യൂണിറ്റ് അധികൃതർ കണ്ടെത്തിയത്. ഇവിടെ വ്യാജമായി തയ്യാറാക്കുന്ന പാൽ ഉത്തർ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആണ് വിതരണം ചെയ്തിരുന്നത്. അനധികൃത ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണത്തിൽ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു.


ബിന്ത് ജില്ലയിലെ ലാഹറിലും മൊറേന ജില്ലയിലെ അംബയിലും ഗ്വാളിയറിലും പ്രവർത്തിക്കുന്ന ഫാക്ടറികളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പ്രത്യേകം രൂപീകരിച്ച പോലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. 20 ടാങ്കർ ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച കൃത്രിമ പാലും ഇവിടെ നിന്ന് പിടികൂടി. ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടിച്ചെടുത്തതായി റെയ്ഡിന് നേതൃത്വം നൽകിയ എസ്.പി രാജേഷ് ബഡോറിയ വ്യക്തമാക്കി. 10,000 ലിറ്റർ കൃത്രിമ പാലും 500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 ശതമാനം യഥാർഥ പാലും ബാക്കി മറ്റ് രാസ വസ്തുക്കളും ചേർത്താണ് പാൽ നിർമ്മാണം നടത്തിയത്. പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡർ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാൽ ഉത്പാദിപ്പിച്ചിരുന്നത്. ഇതേ ചേരുവ ഉപയോഗിച്ചാണ് വെണ്ണയും പനീറും ഉത്പാദിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ പ്രധാന മാർക്കറ്റുകളിലെല്ലാം എത്തുന്ന ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ഇവയെല്ലാം.

ഇത്തരത്തിൽ വ്യാജ നിർമ്മാണത്തിനായി ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 5 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഈ പാൽ മാർക്കറ്റിൽ ലിറ്ററിന് 45 മുതൽ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ചീസിന് കിലോയ്ക്ക് 100 മുതൽ 150 രൂപ നിരക്കിലും ആണ് മാർക്കറ്റിൽ വിൽക്കുന്നത്. ഏകദേശം രണ്ട് ലക്ഷം ലിറ്റർ പാലാണ് ഈ ഉത്പാദനകേന്ദ്രത്തിൽ നിന്ന് ദിവസേന നിർമിച്ചിരുന്നത്. റെയ്ഡിനെ തുടർന്ന് ഫാക്ടറികൾ പോലീസ് അടച്ചുപൂട്ടി.