
കോട്ടയം: കോട്ടയം നഗരസഭയിലെ സീറ്റ് വിഭജന കാര്യത്തിൽ യുഡിഎഫിൽ അനിശ്ചിതത്വം തുടരുകയാണ്.കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ആർഎസ്പിയും ലീഗും ഇടഞ്ഞു നിൽക്കുന്നു. 2 നേതാക്കളെ കേന്ദ്രീകരിച്ചാണ് കോൺഗ്രസ് പ്രവർത്തനമെന്നാണ് ഘടകകക്ഷികളുടെ ആരോപണം. കേരള കോണ്‍ഗ്രസ് കഴിഞ്ഞ നഗരസഭയില്‍ വിജയിച്ച മൂന്നാം വാർഡ് കോണ്‍ഗ്രസ് ചർച്ചകളൊന്നുമില്ലാതെ ഏകപക്ഷീയമായി ഏറ്റെടുത്തു.
തങ്ങള്‍ ചോദിച്ച സീറ്റുകള്‍ ഒന്നും യുഡിഎഫും കോണ്‍ഗ്രസും വിട്ടു നല്‍കാതിരിക്കുകയും, ചർച്ചകള്‍ അനിശ്ചിതമായി നീണ്ടു പോകുകയും ചെയ്യുന്നതില്‍ കടുത്ത എതിർപ്പാണ് യുഡിഎഫ് ഘടകകക്ഷികള്‍ ഉയർത്തുന്നത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ നഗരസഭയിലെ മൂന്നാം വാർഡില്‍ മത്സരിച്ചു വിജയിച്ചിരുന്നു. ഈ വാർഡ് ഇക്കുറി കോണ്‍ഗ്രസ് ചർച്ചയൊന്നുമില്ലാതെ ഏറ്റെടുത്തെന്നാണ് കേരള കോണ്‍ഗ്രസിന്റെ പരാതി. ഈ വാർഡില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ സാബു മാത്യു പ്രചാരണം തുടങ്ങുകയും ചെയ്തു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിജയസാധ്യതയുള്ള സീറ്റാണ് ഇത്തരത്തില്‍ കോണ്‍ഗ്രസ് യാതൊരു വിധ ചർച്ചയും കൂടാതെ ഏറ്റെടുത്തതെന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനം. മൂന്നാം വാർഡ് പാറമ്പുഴയിലെ പ്രവർത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തീരുമാനിച്ചിരിക്കുന്നതെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ ആരോപണം തന്നെ ഉയർത്തി മുസ്ലീം ലീഗും രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് മത്സരിച്ച നാലാം വാർഡ് കോണ്‍ഗ്രസ് ഏറ്റെടുത്തു. ഇവിടെയാണ് എം.എ ഷാജി മത്സരിക്കുന്നത്. ഇതിന് ശേഷം മുസ്ലീം ലീഗ് ചോദിച്ച ഒരു സീറ്റിന്റെ കാര്യത്തിലും യുഡിഎഫില്‍ ഇതുവരെയും ധാരണയായിട്ടില്ല. 41, 42 വാർഡുകള്‍ നല്‍കാമെന്നു ധാരണയായെങ്കിലും ഇതു തീരുമാനമാകാതെ തുടരുകയാണ്.
മറ്റൊരു ഘടക കക്ഷിയായ ആർഎസ്പിയും ഉടക്കിലാണ്.
കുമാരനല്ലൂർ ഭാഗത്തെ ഏഴാം വാർഡും, ചിങ്ങവനം ഭാഗത്തെ 39 ആം വാർഡുമാണ് ആർ.എസ്.പി ചോദിച്ചത്. ഈ വാർഡുകളില്‍ ഒന്നു പോലും നല്കുന്ന കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫിലെ ഘടകക്ഷികള്‍ എല്ലാം കടുത്ത എതിർപ്പിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷവും പ്രവർത്തന രംഗത്ത് ഇറങ്ങാനാവാത്ത ആശങ്കയിലാണ് യുഡിഎഫിലെ ഘടകകക്ഷികള്‍.




