
കോട്ടയം (ചങ്ങനാശേരി): റവന്യു ടവറിലെ ലിഫ്റ്റ് കേടാണെങ്കിൽ രണ്ട് പുഷ്പചക്രം ലിഫ്റ്റിനു മുൻപിൽ കാണാം. പുഷ്പചക്രം കണ്ടാൽ ഇപ്പോൾ ആളുകൾ നേരെ നട കയറും.
ടവറിലെ ലിഫ്റ്റ് അടിക്കടി കേടാകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെഡിപി ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ ലിഫ്റ്റിനു മുൻപിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിഷേധിച്ചിരുന്നു. ഒരു ദിവസം കൊണ്ട് പ്രതിഷേധം കഴിഞ്ഞെങ്കിലും, പുഷ്പചക്രം റവന്യു ടവറിനെ വിട്ടുപോയില്ല. ഇപ്പോൾ ലിഫ്റ്റ് കേടാകുന്ന ദിവസങ്ങളിൽ രണ്ട് പുഷ്പചക്രം ലിഫ്റ്റിനു മുൻപിൽ കാണാം.
ടവറിലെ ആകെയുള്ള 3 ലിഫ്റ്റിൽ രണ്ടെണ്ണം വർഷങ്ങളായി നിശ്ചലമാണ്. ആകെയുള്ള ഒരു ലിഫ്റ്റ് കേടാകുന്നത് പതിവായതോടെ നട കയറിയാണ് ആളുകൾ വിവിധ ഓഫിസുകളിലേക്ക് പോകുന്നത്. സപ്ലൈ ഓഫിസ്, താലൂക്ക് ഓഫിസ്, ആർടി ഓഫിസ് തുടങ്ങിയ സർക്കാർ ഓഫിസുകൾ മുകൾ നിലയിലാണ് പ്രവർത്തിക്കുന്നത്. അടുത്തയിടെ സപ്ലൈ ഓഫിസിലേക്ക് പോയ ആളുകൾ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



