
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പൊട്ടിത്തെറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
പിഎം ശ്രീയില്‍നിന്ന് പിന്‍മാറുന്നതായി അറിയിച്ച് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവന ഇറക്കിയതാണ് ശിവന്‍കുട്ടിയെ ചൊടിപ്പിച്ചത്. ഇത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്‌നമല്ലെന്ന് വ്യക്തമാക്കിയ ശിവന്‍കുട്ടി ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളില്‍നിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ലെന്നും കൂട്ടിച്ചേര്‍ത്തു.
എന്താണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമെന്നും അതിന്റെ കാതലെന്താണെന്നും സിപിഐക്ക് അറിയാം തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പ്രസ്താവനയായിരുന്നു ബിനോയ് വിശ്വത്തിന്റേത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഎം ശ്രീയില്‍നിന്ന് പിന്‍മാറുന്നതായി അറിയിച്ച് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടു. ഇത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്‌നമല്ല. ആരെങ്കിലും ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു കൂട്ടരുടെ വിജയമാണെന്നും മറ്റുള്ളവരുടെ പരാജയമാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു നയം ഇടതുമുന്നണിക്കുണ്ട്. അത് കൂടിയാലോചനയിലൂടെ പരിഹാരം കാണണമെന്ന് മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. ബിനോയ് വിശ്വത്തിന്റെ ജനയുഗത്തില്‍ വന്നിരിക്കുന്ന പ്രസ്താവനയില്‍ താഴോട്ട് പറഞ്ഞിരിക്കുന്നത് ആര്‍ക്കുനേരെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് നന്നായി മനസ്സിലാകും. നമ്മളൊന്നും മണ്ടന്മാരല്ല. ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളില്‍നിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ല’ ശിവന്‍കുട്ടി പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടതു മൂല്യങ്ങള്‍ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുറുകെ പിടിക്കുന്ന മൂല്യങ്ങള്‍ തന്നെയാണ്. ആര് എപ്പോള്‍ പുറകോട്ടു പോയിട്ടുണ്ട് എന്നതു സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നില്ല. ആരൊക്കെയാണ് ദേശീയതലത്തില്‍ സമരം ചെയ്തതെന്നും ത്യാഗം സഹിച്ചതെന്നും ഈ അവസരത്തില്‍ അളക്കാനുമില്ല. കത്ത് കൊടുത്ത സ്ഥിതിക്ക് കേന്ദ്രഫണ്ട് കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എസ്എസ്‌കെയുടെ 1,300 കോടിയോളം കിട്ടിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ എനിക്കായിരിക്കില്ല. അത് ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തുകൊള്ളണമെന്നും ശിവന്‍കുട്ടി പറഞ്ഞു.
രാഷ്ട്രീയ ബോധം എല്ലാവര്‍ക്കും വേണമെന്നും അതാണ് എല്‍ഡിഎഫിന്റെ കരുത്തെന്നും പറഞ്ഞ ബിനോയ് വിശ്വം അത് സിപിഐക്ക് ആ ബോധമുണ്ടെന്നും മറുപടി നല്‍കി. ‘പിഎം ശ്രീയെ സംബന്ധിച്ച് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല. പിഎം ശ്രീയിലെ ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ എന്നേക്കാളും യോഗ്യരും അര്‍ഹരും എംഎ ബേബിയും ഗോവിന്ദന്‍ മാസ്റ്ററുമാണ്. അവര്‍ പഠിപ്പിക്കട്ടെ’ ബിനോയ് വിശ്വം പറഞ്ഞു.




