
പാലാ: മൂന്നാനി ഗാന്ധി സ്ക്വയറിനു സമീപം ശുചിമുറി മാലിന്യം തള്ളൽ പതിവായതിനാൽ
അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്.
മൂന്നാനി ഗാന്ധി പ്രതിമ, കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്ന സ്ഥലം, കോടതി സമുച്ചയം, നിരവധി കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്കു സമീപം സാമൂഹ്യ വിരുദ്ധർ നിരന്തരം ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, ടോണി തോട്ടം, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ജോയി കളരിയ്ക്കൽ, എൻ കെ ശശികുമാർ, പ്രശാന്ത് പാലാ, സി റോസ്ന, ബിജു വരിയ്ക്കയാനി, സി ലിസി വള്ളിപ്പാലം, ജോബി മലയിൽ, രാജേഷ് പറമ്പുകാട്ടിൽ, പോൾസൺചെമ്പകത്തിൻകുടിലിൽ എന്നിവർ പ്രസംഗിച്ചു.അമൽ ജോസഫ്, അമൽ കെ ഷിബു, അക്ഷയ് ഷാജു തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ ടൺ കണക്കിനു ശുചിമുറി മാലിന്യം ടാങ്കർ ലോറിയിലെത്തിച്ച് ഓടയിലേക്ക് തള്ളി.
ശുചിമുറി മാലിന്യം നിറച്ച ടാങ്കർ ലോറി റോഡ് സൈഡിൽ നിർത്തി അതിവേഗം മാലിന്യം തള്ളി പോകുന്ന ദൃശ്യം സമീപത്തെ അഡ്വ.രാജു ഹരിഹരൻ്റെ ഓഫീസിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഇതുവഴി കോടതിയിലേയ്ക്കു ബീറ്റിനു പോലീസ് വാഹനം കടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാനാകും.
രാവിലെ മുതൽ ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പതിവുപോലെ നഗരസഭാധികൃതരും ബ്ലീച്ചിംഗ് പൗഡർ വിതറി മടങ്ങി.
അധികൃതരുടെ അനാസ്ഥ സാമൂഹ്യ വിരുദ്ധർ മുതലെടുത്തു മൂന്നാനി പ്രദേശം ശുചിമുറി മാലിന്യ നിക്ഷേപം ആക്കിയതോടെ ആളുകൾ ദുരിതത്തിലായി. മാസത്തിൽ ഇരുപതിലേറെ ദിവസവും ഈ മേഖലയിൽ ശുചിമുറി മാലിന്യമടക്കം നിക്ഷേപിക്കുന്നതിനാൽ ആളുകൾ പൊറുതിമുട്ടി.
വ്യാപക പരാതി ഉയർന്നിട്ടും അധികൃതർ മാലിന്യം നിക്ഷേപിച്ച ഒരാളെപോലും ഇക്കാലത്തിനിടെ കണ്ടെത്തി നടപടിയെടുക്കാത്തതും ശുചിമുറി മാലിന്യം തള്ളുന്നവർക്കു പ്രോത്സാഹനമായി മാറുകയാണ്.
ഗാന്ധിസ്ക്വയർ, കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കിണർ, കോടതി സമുച്ചയം, നിരവധി കുടിവെള്ള സ്രോതസുകൾ എന്നിവയോട് ചേർന്നാണ് നിരന്തരമായി മാലിന്യ നിക്ഷേപം നടത്തി വരുന്നത്.
ഗാന്ധിസ്ക്വയറിനോട് ചേർന്ന് ഒരു വശത്ത് വിജനവും ഉപയോഗശൂന്യവുമായ സ്ഥലമാണുള്ളത്. ഇവിടേയ്ക്ക് വാഹനം കയറ്റി നിമിഷനേരംകൊണ്ട് മാലിന്യം തള്ളി കടന്നു കളയുന്നതും പതിവാണ്. ഈ ഭാഗത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഇപ്പോൾ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.
മീനച്ചിലാറ്റിലേയ്ക്കുള്ള കൈതോട്ടിലേയ്ക്കും മാലിന്യം നിരന്തരമായി തള്ളുന്നുണ്ട്. തോട്ടിലൂടെ വെള്ളമൊഴുക്കുള്ളതിനാൽ മാലിന്യം നേരം വെളുക്കും മുമ്പ് മീനച്ചിലാറ്റിൽ ഒഴുകിയെത്തും. ഇതു മുതലെടുത്താണ് വലിയ തോതിൽ ഈ മേഖലയിൽ മാലിന്യ നിക്ഷേപം നടത്തുന്നത്.
ഈ മേഖല വഴി നിക്ഷേപിക്കുന്ന ടൺകണക്കിന് ശുചി മുറി മാലിന്യം ഓരോ മാസവും മീനച്ചിലാറിനെ വലിയ തോതിൽ മലിനീകരിക്കുന്നുണ്ട്.
സമീപത്തെ നിരവധി കിണറുകളെയും കുടിവെള്ള പദ്ധതികളുടെ കിണറുകളെയും മീനച്ചിലാറ്റിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പദ്ധതികളുടെ കിണറുകളെയുമെല്ലാം മലിനപ്പെടുത്തിയിട്ടും അധികൃതർക്കു അനക്കമില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.
നഗരത്തിൽ നിരന്തരം പോലീസ് പരിശോധനയും സാന്നിദ്ധ്യവും മറ്റു സ്ഥലങ്ങളെക്കാൾ പാലായിൽ ഉണ്ടായിട്ടും യാതൊരു തടസ്സം കൂടാതെ സാമൂഹ്യവിരുദ്ധർ ശുചിമുറി മാലിന്യം നിരന്തരം തള്ളുകയാണ്.
നിരവധി തവണ സംഭവം ആവർത്തിച്ചിട്ടും കാമറകൾ നോക്കി പോലും കുറ്റവാളികളെ കണ്ടെത്താൻ സാധിക്കാത്തത് ദുരൂഹമാണെന്ന് നാട്ടുകാർ ആരോപിച്ചു.
ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു.

