
കോഴിക്കോട്: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് 16 വയസുകാരന്‍ നടത്തിയ വാഹനാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള വാഹന പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്.
ഇതിന്റെ ഭാഗമായി പേരാമ്പ്ര നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ നാല് കുട്ടി ഡ്രൈവര്‍മാരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിച്ചിരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മഫ്തിയിലായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് ഇറങ്ങിയത്.
വാഹനമോടിച്ചത് കുട്ടികളായതിനാല്‍ തന്നെ ജുവനൈല്‍ നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന്റെ ഉടമയ്ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും 25,000 രൂപ വരെ പിഴ ഈടാക്കുന്നതുമായി കുറ്റമാണ് ലൈസന്‍സ് ഇല്ലാതെ കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്നത്. വാഹനമോടിച്ച കുട്ടിക്ക് 25 വയസ് ആകുന്നത് വരെ ലൈസന്‍സ് എടുക്കുന്നത് തടയാനും നിയമത്തില്‍ പറയുന്നുണ്ട്.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതിനെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ പരിപാടികളും നടത്തി. സ്‌കൂളിലേക്ക് വാഹനത്തില്‍ വരുന്ന കുട്ടികള്‍ സമീപങ്ങളിലുള്ള വീടുകളിലാണ് വാഹനം നിര്‍ത്തിയിടുന്നത്. ഇത് അനുവദിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന വീടുകളിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പേരാമ്പ്ര പരിധിയിലുള്ള എല്ലാ സ്‌കൂളുകളും കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
സ്‌കൂള്‍ പരിസരത്ത് നടത്തിയതിന് പുറമെ, പേരാമ്പ്ര സില്‍വര്‍ കോളേജിന് സമീപത്തും ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തി. മൂന്ന് പേരുമായി യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരേയാണ് ഇവിടെ നടപടി എടുത്തത്. വാഹന ഉടമകള്‍ക്കെതിരേ കേസെടുക്കുകയും ഓടിച്ചിരുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തതായാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

