
ബെംഗളൂരു∙ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി നാട്ടുകാർ. ബെംഗളൂരുവിലെ അഡുഗോഡിയിൽ നവംബര്‍ 9 ന് ആയിരുന്നു സംഭവം.
രാവിലെ 11 മണിയോടെ യുവതിയുടെ വീട്ടുകാർ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനായി പോയിരുന്നു.
വീടിന്റെ വാതിൽ പുറത്തു നിന്ന് പൂട്ടിയ ശേഷമാണ് വീട്ടുകാർ പോയത്. ഈ സമയത്താണ് 28 വയസ്സുകാരനായ വിഘ്നേഷ് എന്ന യുവാവ് വീട്ടിൽ അതിക്രമിച്ച് കയറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.അകത്ത് നിന്ന് വാതിൽ പൂട്ടിയ ശേഷം ഇയാൾ യുവതിയെ ആക്രമിച്ചു. രണ്ടുകാലുകള്‍ക്കും ചലന ശേഷിയില്ലാത്ത യുവതിക്ക് സംസാരിക്കാനും കഴിയില്ല.
വിവാഹ വീട്ടിൽ നിന്ന് അമ്മ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയത് ശ്രദ്ധയിൽപെട്ടു. നിരവധി തവണ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. പിന്നാലെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ നഗ്നയായി നിൽക്കുന്ന മകളെയാണ് കണ്ടത്. വാതിൽ തുറന്നപ്പോൾ യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയാൻ ശ്രമിച്ചു. എന്നാൽ ഇയാളെ നാട്ടുകാർ പിടിച്ച് റോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. പിന്നാലെ യുവാവിനെ പൊലീസിനെ ഏൽപിച്ചു. സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നെന്നാണു നിഗമനം.

