
തൃശൂർ: ലൈംഗികാതിക്രമ പരാതിയിൽ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ അധ്യാപകന് സസ്പെൻഷൻ. കൂടിയാട്ടം അധ്യാപകനായ ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാറിന് എതിരെയാണ് നടപടി. ഗ്രേഡ് എ വിഭാഗത്തിൽ പെടുന്ന അധ്യാപകനാണ് കനകകുമാർ.
ഒരു സംഘം വിദ്യാർത്ഥികളാണ് കനകകുമാർ മോശമായി പെരുമാറിയതായി വൈസ് ചാൻസലർക്ക് രേഖാ മൂലം പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ പരാതി ചെറുതുരുത്തി പോലീസിന് കൈമാറുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി പലപ്പോഴും വിദ്യാർത്ഥികളോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തിട്ടുണ്ട് എന്നാണ് പോലീസിന് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. ഇതിൻ്റെ അടിസ്ഥാനത്തിൽ ചെറുതുരുത്തി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അധ്യാപകൻ നിലവിൽ ഒളിവിലാണ്. കനകകുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോലീസ് ഉടൻ നീങ്ങുമെന്നാണ് നിഗമനം.




