
ബെംഗളൂരു ∙ മൈസൂരുവിൽ സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ പതിമൂന്ന് വയസ്സുകാരനു ഗുരുതര പരുക്ക്. സഹപാഠികൾ വിദ്യാർഥിയെ സ്കൂളിലെ ശുചിമുറിയിലേക്ക് കൊണ്ടുപോയി സ്വകാര്യഭാഗത്ത് ചവിട്ടുകയായിരുന്നു.
മർദിച്ച വിദ്യാർഥികൾ, ആക്രമിക്കപ്പെട്ട വിദ്യാർഥിയോട് സ്കൂളിലേക്ക് പണവും മൊബൈൽ ഫോണുകളും കൊണ്ടു വരാനായി പറഞ്ഞിരുന്നു. ഇത് അനുസരിക്കാത്തതിനാണ് ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. 3 പേർ ചേർന്നായിരുന്നു ആക്രമണം.
താൻ നാലു വർഷമായി ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് വിദ്യാർഥി പ്രതികരിച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണിത്. അമ്മ അധ്യാപികയോട് പരാതിപ്പെട്ടിട്ടു പോലും മാറ്റമുണ്ടായില്ല. തന്റെ കൈ ബലമായി പിടിച്ചുവച്ചാണ് സ്വകാര്യഭാഗത്ത് രണ്ടുതവണ ചവിട്ടിയതെന്നും വിദ്യാർഥി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഫ്ഐആർ ഫയൽ ചെയ്യാൻ പൊലീസ് ആദ്യം മടി കാണിച്ചുവെന്നും, സമ്മർദത്തെത്തുടർന്ന് പിന്നീട് കേസ് ഫയൽ ചെയ്തതാണെന്നും കുടുംബം ആരോപിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം ജയലക്ഷ്മിപുരം പൊലീസ് വിദ്യാർഥികൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്.




