
തിരുവനന്തപുരം : കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1119 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു.
സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതു മുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ എൽ ഡി എഫാണ് ഭരിക്കുന്നത്. കണ്ണൂരിൽ മാത്രമാണ് യു ഡി എഫ് ഭരണമുള്ളത്.
സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ള 87 നഗരസഭകളിൽ 44 നഗരസഭകളിൽ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 41 നഗരസഭകളിലാണ് യു ഡി എഫ് ഭരിക്കുന്നത്. പാലക്കാടും പന്തളത്തുമാണ് ബി ജെ പി ഭരണമുള്ളത്.
14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്താണ് ഇടത് ഭരണമുള്ളത്. യു ഡി എഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യു ഡി എഫ് ഭരണമുള്ളത്.
സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യു ഡി എഫ് ഭരണമുള്ളത്.
ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യു ഡി എഫ് ഭരണമുള്ളത്. എൻ ഡി എ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.



