
ചെന്നൈ: തമിഴിലെ പ്രമുഖ നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. കരള്‍ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം.
ദേശീയ പുരസ്കാര ജേതാവും അന്തരിച്ച നടിയുമായ രാധാമണിയുടെ മകനാണ് അഭിനയ് കിങ്ങർ. 2002ല്‍ തീയേറ്ററുകളിലെത്തിയ ‘തുളളുവതോ ഇളമൈ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
അസുഖത്തെ തുടർന്ന് അവസാന കാലത്ത് നടന്റെ സാമ്ബത്തികാവസ്ഥ മോശമായിരുന്നു. ആദ്യ ചിത്രത്തിലെ സഹതാരമായ ധനുഷ് ഉള്‍പ്പെടെയുളളവർ നടന് സഹായവുമായി എത്തിയിരുന്നു. 2014ല്‍ റിലീസ് ചെയ്ത ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അഭിനയ് കിങ്ങർ അവസാനമായി അഭിനയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൊല്ല സൊല്ല ഇനിക്കും, പാലൈവാന സോലൈ, ജംക്ഷൻ, സിങ്കാര ചെന്നൈ, പൊൻ മേഘലൈ, തുപ്പാക്കി, അൻജാൻ തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളിലെത്തി. 2002ല്‍ ഫഹദ് ഫാസില്‍ നായകനായെത്തിയ മലയാള ചിത്രം കൈ എത്തും ദൂരത്തിലും കിഷോർ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു.
അഭിനയത്തിനുപുറമെ ഡബ്ബിംഗ് രംഗത്ത് കഴിവു തെളിയിച്ചിട്ടുണ്ട്. വിജയ് നായകനായ തുപ്പാക്കിയില്‍ നടൻ വിദ്യുത് ജമാലിനും കാർത്തി നായകനായ പയ്യയില്‍ മിലിന്ദ് സോമനും കാക്ക മുട്ടൈ എന്ന സിനിമയില്‍ നടൻ ബാബു ആന്റണിക്കും ശബ്ദം നല്‍കിയിട്ടുണ്ട്.
കുടുംബാംഗങ്ങള്‍ ആരുമില്ലാത്തതിനാല്‍ നടന്റെ അന്ത്യകർമങ്ങള്‍ നിർവഹിക്കാനുള്ള നടപടികള്‍ തമിഴ് സിനിമാതാരങ്ങളുടെ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുമെന്നാണ് റിപ്പോർട്ടുകള്‍.



