
പാലക്കാട്: പാതി നിർമ്മാണം കഴിഞ്ഞ വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് മക്കള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി അമ്മ ദേവി.
കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരു കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് അമ്മ പറഞ്ഞു.
മുക്കാലിയില്‍ നിന്ന് നാല് കിലോമീറ്റർ അകലെ അട്ടപ്പാടി കരുവാര ഊരിലെ അജയ്- ദേവി ദമ്പതികളുടെ മക്കളായ ആദി (7), അജ്നേഷ്(4) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ ആറുവയസുള്ള അഭിനയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അഭിനയ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ മക്കളെ മടിയിലെടുത്ത് വച്ചപ്പോള്‍ ഒരാള്‍ക്ക് അനക്കമുണ്ടായിരുന്നു. പല തവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ല. തുടർന്നാണ് ആശുപത്രിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോകേണ്ടി വന്നത്. നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ഒരാളെയെങ്കിലും തിരിച്ചുകിട്ടിയേനെ. അപകടത്തിനുശേഷം പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആള്‍താമസമില്ലാത്ത വീട്ടിലായിരുന്നു അപകടം നടന്നത്. കുട്ടികള്‍ മൂന്നുപേരും പകല്‍ ഇവിടെ കളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് അജയും കുടുംബവും താമസിക്കുന്നത്. എട്ടുവർഷമായി വീട് ഉപയോഗശൂന്യമായി കിടക്കുകയാണ്. വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയാണ് അപകടമുണ്ടായത്. മേല്‍ക്കൂരയില്ലാത്ത വീടാണ്. മഴ നനഞ്ഞും വെയില്‍ കൊണ്ടും ദുർബലമായ അവസ്ഥയിലായിരുന്നു.
മുക്കാലിയില്‍ നിന്ന് നാല് കിലോമീറ്റർ അകലെ വനത്തിലാണ് കരുവാര ഉന്നതി. മൊബൈല്‍ ഫോണിന് റേഞ്ച് ലഭിക്കില്ല. ഫോണില്‍ പുറത്താരെയും ബന്ധപ്പെടാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ വീട്ടുകാരുടെ സ്‌കൂട്ടറില്‍ താഴെ എത്തിച്ചു. ശേഷം വനം വകുപ്പിന്റെ ജീപ്പിലാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടികളുടെ മൃതശരീരം അഗളി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം ഇന്ന് നടത്തും.




