
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ കൂടുതല്‍ ഉന്നതരുടെ അറസ്റ്റുണ്ടാവുമെന്ന് സൂചന നല്‍കി പ്രത്യേക അന്വേഷണ സംഘം.
ശ്രീകോവിലിലെ കട്ടിളയില്‍ നിന്ന് സ്വർണം കവർന്ന കേസില്‍ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെടക്കം ഉടൻ പിടികൂടും. രണ്ട് മുൻ പ്രസിഡന്റുമാരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ പങ്ക് കണ്ടെത്താൻ മുഖ്യപ്രതിയായ മുരാരി ബാബുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസുവിന്റെ നിർദ്ദേശ പ്രകാരമാണ് രേഖകളില്‍ തിരിമറി നടത്തിയതെന്നാണ് പ്രതികളില്‍ ചിലരുടെ മൊഴി. അതിനിടെ, ശബരിമലയിലെ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് കാട്ടി 2019സെപ്തംബറില്‍ തിരുവാഭരണം കമ്മിഷണറായിരുന്ന ആർ.ജി.രാധാകൃഷ്ണൻ നല്‍കിയ കത്ത് എസ്.ഐ.ടി പിടിച്ചെടുത്തു.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെ സന്ദർശനത്തിന് ശേഷമാണ് രാധാകൃഷ്ണൻ ഈ കത്ത് നല്‍കിയത്. ഇത് ബോർഡ് പരിഗണിക്കാതിരുന്നത് സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കാനാണെന്നാണ് നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ, അന്വേഷണ സംഘത്തിലെ വിവാദ ഇൻസ്പെക്ടറെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശ് ഇടപെട്ട് ഒഴിവാക്കി. പേരൂർക്കടയില്‍ വ്യാജ മാലമോഷണക്കേസില്‍ ദളിത് യുവതിയെ അന്യായമായി കസ്റ്റഡിയില്‍ വച്ച കേസില്‍ നടപടി നേരിട്ട എസ്.എച്ച്.ഒ ശിവകുമാറിനെ കഴിഞ്ഞ ദിവസമാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ശിവകുമാർ ഇന്നലെ എസ്‌ഐടിക്കൊപ്പം ചേർന്നിരുന്നു. എന്നാല്‍, നിയമനം വിവാദമായതിനു പിന്നാലെ ശിവകുമാറിനെ പിൻവലിക്കുന്നതായി എഡിജിപി വ്യക്തമാക്കി. പേരൂർക്കട സംഭവത്തിനു ശേഷം ശിവകുമാറിനെ കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു.
ദേവസ്വത്തെ കൊള്ളക്കാരുടെകേന്ദ്രമാക്കി:ചെന്നിത്തല
ഇടതു ഭരണമാണ് ദേവസ്വത്തെ പരിപൂർണ്ണമായി കൊള്ളക്കാരുടെ കേന്ദ്രമാക്കി മാറ്റിയതെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.മുൻ ചീഫ് സെക്രട്ടറി ജയകുമാർ പ്രസിഡന്റായി വരുന്നതില്‍ ആർക്കും എതിർപ്പുണ്ടാവില്ല. രക്ഷപ്പെടാനുള്ള തന്ത്രമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കാസർകോട്ട് വാർത്താലേഖകരോട് അദ്ദേഹം പറഞ്ഞു




