
പാലക്കാട്: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സില്‍ യാത്രക്കാരന്റെ ദേഹത്ത് പാൻട്രി ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
മുംബൈ സ്വദേശിയായ 24 വയസ്സുകാരൻ അഭിഷേക് ബാബുവിനാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാൻട്രി കാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മുംബൈയില്‍ നിന്ന് സുഹൃത്തുക്കളായ ആഷിഷ്, അനീഷ്, കിഷൻ, തേജസ്, സിതേഷ്, അഭിഷേക് ബാബു എന്നിവർ തൃശൂർ തൃപ്രയാറുള്ള സുഹൃത്ത് ഹാഷിഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. രാത്രി യാത്രാമധ്യേ കൈയിലുണ്ടായിരുന്ന വെള്ളം തീർന്നപ്പോള്‍ യുവാക്കള്‍ പാൻട്രി കാറിലേക്ക് പോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളം വാങ്ങിയതിന് 200 രൂപ നല്‍കിയപ്പോള്‍, ചില്ലറയായി 15 രൂപ കൊണ്ടുവരാൻ പാൻട്രി കാർ മാനേജർ ആവശ്യപ്പെട്ടതോടെ ഇവർ തമ്മില്‍ വാക്കേറ്റമുണ്ടായി. തർക്കം അവസാനിപ്പിച്ച് സീറ്റിലേക്ക് മടങ്ങിയപ്പോഴാണ് തർക്കത്തിനിടെ യുവാക്കളില്‍ ഒരാളുടെ കണ്ണടയും തൊപ്പിയും പാൻട്രി കാറില്‍ മറന്നുവെച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
കണ്ണടയും തൊപ്പിയുമെടുക്കാനായി യുവാക്കള്‍ വീണ്ടും പാൻട്രിയില്‍ ചെന്നെങ്കിലും ‘രാവിലെ തരാം’ എന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് ചെന്നപ്പോഴാണ് പാൻട്രി കാർ ജീവനക്കാരനായ രാഗവേന്ദ്ര സിങ് ബക്കറ്റില്‍ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിൻ്റെ ശരീരത്തിലേക്ക് ഒഴിച്ചത്.
മുതുകിനും കാലിനും പൊള്ളലേറ്റ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയില്‍വേ പോലീസും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടത്തിലുണ്ടായിരുന്ന മലയാളി സുഹൃത്ത് ഹാഷിഷ് റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂർ എത്തിയപ്പോള്‍ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



