
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്‌കൃതം വിഭാഗം മേധാവി സി.എൻ. വിജയകുമാരിക്കെതിരെ ഗുരുതരമായ ജാതിയധിക്ഷേപം ആരോപിച്ചുകൊണ്ട് പിഎച്ച്‌ഡി വിദ്യാർത്ഥിയായ വിപിൻ വിജയൻ പരാതി നല്‍കി.
‘പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’ എന്ന് അധ്യാപിക പറഞ്ഞതായി വിപിൻ ആരോപിക്കുന്നു.
“പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം,” എന്നും “താഴ്ന്ന ജാതിക്കാര്‍ സംസ്‌കൃതം വകുപ്പിനെ അശുദ്ധമാക്കിയെന്നും” ടീച്ചർ പറഞ്ഞതായി വിപിൻ വിജയൻ പരാതിപ്പെട്ടു. എംഫില്‍ പഠനകാലം മുതല്‍ തന്നെ പട്ടികജാതിക്കാരനായതുകൊണ്ടുള്ള വേർതിരിവ് അനുഭവിച്ചിരുന്നു. സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന വ്യാജ റിപ്പോർട്ട് തന്റെ എംഫില്‍ ഗൈഡ് കൂടിയായിരുന്ന അധ്യാപിക സർവകലാശാലയ്ക്ക് നല്‍കി. “എനിക്ക് പിഎച്ച്‌ഡി ലഭിക്കുന്നത് കാണണമെന്ന്” ഭീഷണിപ്പെടുത്തുകയും, സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് മാനസികമായി നാണം കെടുത്തിയും, ഓപ്പണ്‍ ഡിഫൻസില്‍ മനഃപൂർവം പ്രശ്‌നങ്ങളുണ്ടാക്കിയെന്നും വിദ്യാർത്ഥി ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് പല കുട്ടികള്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. മറ്റൊരു പിഎച്ച്‌ഡി വിദ്യാർത്ഥി മുറിയില്‍ കയറിയതിന് ശേഷം വെള്ളം തളിച്ച് ശുദ്ധീകരിച്ചെന്നും, തട്ടമിട്ട് വരുന്ന മുസ്‌ലിം വിദ്യാർത്ഥിനിയോടും ജാതീയ അധിക്ഷേപം നടത്തിയെന്നും വിപിൻ ആരോപിച്ചു. ഇത്രയധികം പീഡനം നേരിട്ട താൻ “കേരളത്തിലെ രോഹിത് വെമുല” ആകുമോ എന്ന് ഭയക്കുന്നതായും വിപിൻ വിജയൻ പ്രതികരിച്ചു. വിപിൻ വിജയൻ സംഭവത്തില്‍ വൈസ് ചാൻസലർക്കും കഴക്കൂട്ടം എസ്.പി.ക്കും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, സി.എൻ. വിജയകുമാരി ആരോപണങ്ങള്‍ നിഷേധിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്നതായും, അക്കാദമികമായ കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. ജാതിയധിക്ഷേപം ഒരു തരത്തിലും തന്നെ ബാധിക്കില്ലെന്നും, “ആ വിഷയത്തിലേക്ക് താൻ വരുന്നില്ലെന്നും,” അവർ പ്രതികരിച്ചു. ഈ വിവാദത്തില്‍ ഒരു ശതമാനം പോലും വ്യാകുലതപ്പെടുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഡീൻ എന്ന നിലയില്‍ പോരായ്മകള്‍ കണ്ടാല്‍ ആരെന്ന് നോക്കാതെ ചൂണ്ടിക്കാട്ടും. സർവകലാശാലയുടെ നടപടികള്‍ അംഗീകരിക്കും.
സംസ്‌കൃതം അറിയില്ലെന്ന് പരാതി നല്‍കിയതിനെപ്പറ്റി ചോദിച്ചപ്പോള്‍, വൈസ് ചാൻസലർക്ക് മാത്രമാണ് പരാതി നല്‍കിയതെന്നും അത് പുറത്തായത് എങ്ങനെയെന്നും വിജയകുമാരി ചോദിച്ചു. കുട്ടിക്ക് സംസ്‌കൃതം അറിയില്ലെന്ന് താൻ എവിടെ പറഞ്ഞെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.



