
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി ഡോക്ടർമാർ.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പാണ് വിവാദങ്ങളില്‍ പ്രതികരിച്ചത്. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികളും ഒരുപോലെയാണെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം.
‘എല്ലാ രോഗികളും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. കൊച്ചനുജനെ പോലെയാണ് അദ്ദേഹത്തെയും കാണുന്നത്. രോഗികളുടെ വിവരങ്ങള്‍ പുറത്തുപറയുന്നത് ശരിയല്ല. സംഭവം വിവാദമായതുകൊണ്ട് ചില കാര്യങ്ങള്‍ പറയാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബർ ഒന്നിനാണ് നെഞ്ചുവേദനയായിട്ടാണ് രോഗി ആശുപത്രിയില്‍ എത്തിയത്. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടറെയാണ് കണ്ടത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് വേദന തുടങ്ങി 24 മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തുന്നത്.
മരിച്ച വേണുവിന് ചികിത്സ നല്‍കിയതില്‍ വീഴ്ച വരുത്തിയിട്ടില്ല. പ്രോട്ടോക്കോള്‍ അനുസരിച്ചുളള ചികിത്സ മാത്രമാണ് നല്‍കാറുളളത്. സമയം വൈകിയതുകൊണ്ട് പ്രാഥമിക ആൻജിയോപ്ലാസ്റ്റി ഉള്‍പ്പെടെ നല്കാൻ സാധിച്ചില്ല. മറ്റ് മരുന്നുകള്‍ നല്കി.
അഞ്ചിന് വൈകിട്ട് ഹാർട്ട് ഫെയ്ലിയർ ഉണ്ടായി. ഏറ്റവും മികച്ച ചികിത്സയാണ് നല്‍കിയത്. ഹൃദയാഘാതത്തിന് എന്തുചികിത്സ നല്കിയാലും പത്ത് മുതല്‍ 20 ശതമാനം വരെ മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
അദ്ദേഹം ചെറുപ്പമായിരുന്നു. വേണുവിന്റെ ഓഡിയോ സന്ദേശത്തെക്കുറിച്ച് അറിയില്ല. ഇതുമായി ബന്ധപ്പെട്ട് ഞാൻ അന്വേഷണം നടത്തി. വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്കി. രോഗികളോട് അവരുടെ അവസ്ഥയെക്കുറിച്ച് പറയാറുണ്ട്’- ഡോക്ടർ പറഞ്ഞു.




