
ന്യൂഡല്‍ഹി: ഓണ്‍ലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടിയോളം രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസില്‍ ഇരുവരെയും ചോദ്യം ചെയ്ത് മാസങ്ങള്‍ക്കു ശേഷമാണ് നടപടി.
റെയ്നയുടെ പേരിലുള്ള ഏകദേശം 6.64 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയതായി ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. കേസില്‍ ധവാനും റെയ്നയ്ക്കും പുറമെ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ് , റോബിൻ ഉത്തപ്പ എന്നിവരുടെ മൊഴികളും ഇ.ഡി രേഖപ്പെടുത്തിയിരുന്നു.
നിയമവിരുദ്ധമായ ഓഫ്ഷോർ വാതുവെപ്പ് പ്ലാറ്റ്ഫോമായ “1xBet”ന്റെ നടത്തിപ്പുകാർക്കെതിരെ നിരവധി സംസ്ഥാനങ്ങളില്‍ പൊലീസ് രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള അന്വേഷണം എന്ന് ഇ.ഡി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണത്തില്‍ സുരേഷ് റെയ്നയും ശിഖർ ധവാനും പകരക്കാർ വഴി 1xBet പ്രൊമോട്ട് ചെയ്യുന്നതിനായി വിദേശ സ്ഥാപനങ്ങളുമായി എൻഡോഴ്സ്മെന്റ് കരാറുകളില്‍ ഏർപ്പെട്ടതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1xBet, അതിന്റെ സറോഗേറ്റ് ബ്രാൻഡുകളായ 1xBat, 1xbat സ്പോർട്ടിംഗ് ലൈനുകളും രാജ്യത്തുടനീളം നിയമവിരുദ്ധമായ ഓണ്‍ലൈൻ വാതുവെപ്പ്, ചൂതാട്ട പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും സുഗമമാക്കുന്നതിലും ഏർപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി വക്താവ് കൂട്ടിച്ചേർത്തു. കേസില്‍, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമേ, നടൻ സോനു സൂദ്, മുൻ ടിഎംസി എംപി മിമി ചക്രവർത്തി, ബോളിവുഡ് നടി ഉർവശി റൗട്ടേല, ബംഗാളി നടൻ അങ്കുഷ് ഹസ്ര എന്നിവരെയും ഇ.ഡി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.




