പ്രണയപ്പകയിൽ ക്രൂര കൊലപാതകം! നടുറോഡില്‍ പെണ്‍കുട്ടിയെ കുത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി ; തിരുവല്ല കവിതാ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

Spread the love

പത്തനംതിട്ട : തിരുവല്ലയിൽ  നടുറോഡില്‍ പെണ്‍കുട്ടിയെ കുത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.

video
play-sharp-fill

കുമ്പനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു (24)വിനാണ് ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും  പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി.പി.ജയകൃഷ്ണന്‍ ശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. ഇല്ലാത്തപക്ഷം അജിന്റെ സ്വത്തില്‍ നിന്ന് ഈടാക്കണമെന്നും വിധിയില്‍ പറയുന്നു.

കോഴഞ്ചേരി അയിരൂര്‍ പുത്തേഴം കണ്ണങ്കരയത്ത് ചരുവില്‍ കിഴക്കേമുറിയില്‍ കവിത(19)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിക്കെതിരേ തടഞ്ഞുവെക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. തടഞ്ഞുവെക്കല്‍ കുറ്റത്തിന് ഒരു മാസത്തെ തടവും അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 മാര്‍ച്ച് 12-ന് രാവിലെ 9.10-ന് തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ചിലങ്ക ജങ്ഷന് സമീപമായിരുന്നു സംഭവം. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം.

 

കവിതയും പ്രതിയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്സിന് ചേര്‍ന്നു. സംഭവദിവസം രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെയാണ് അജിന്‍ റെജി മാത്യു കവിതയെ ആക്രമിച്ചത്. ഇതിന് മുന്നോടിയായി തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍നിന്ന് പ്രതി മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയിരുന്നു. നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും എട്ട് ദിവസത്തിനുശേഷം മരിച്ചു.

 

തിരുവല്ല സിഐ ആയിരുന്ന പി.ആര്‍. സന്തോഷ് ആണ് അന്വേഷണം നടത്തി 89-ാം ദിവസം കുറ്റപത്രം സമർപ്പിച്ചത്. മികച്ച രീതിയില്‍ കുറ്റാന്വേഷണം നടത്തിയതിന് കോടതി ഇദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി. കേസില്‍ 43 സാക്ഷികളെ വിസ്തരിച്ചു. 94 രേഖകള്‍ ഹാജരാക്കി. വിധിയില്‍ തൃപ്തരാണെന്ന് കവിതയുടെ അമ്മ ഉഷയും അച്ഛന്‍ വിജയകുമാറും പറഞ്ഞു.