‘ഇനി ഓട്ടം മൈതാനത്തേക്ക്’: സ്വന്തമായി ഒരു ക്രിക്കറ്റ് ടീമുമായി കെഎസ്‌ആര്‍ടിസി; ടീമിന്റെ സെലക്ഷൻ പൂർത്തിയായി 

Spread the love

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്‌ആർടിസി) സ്വന്തമായി ഒരു ക്രിക്കറ്റ് ടീം വരുന്നു. ടീമിന്റെ സെലക്ഷൻ പൂർത്തിയായതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. കേരളത്തിലെ ഏറ്റവും മികച്ച പ്രൊഫഷണല്‍ ടീമുകളിലൊന്നാക്കി കെഎസ്‌ആർടിസി ടീമിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

video
play-sharp-fill

കേരള, ഇന്ത്യൻ ടീമുകളെ തിരഞ്ഞെടുക്കുന്ന മാതൃകയില്‍ തികച്ചും പ്രൊഫഷണലായാണ് കെഎസ്‌ആർടിസി ടീമിനെയും തിരഞ്ഞെടുത്തതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുൻ താരങ്ങളുടെയും കായിക വിദഗ്ധരുടെയും നേതൃത്വത്തിലായിരുന്നു ടീം സെലക്ഷൻ നടന്നത്.

ശുപാർശകളില്ലാതെ, തീർത്തും കളിയുടെ മികവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ടീമിനെ തിരഞ്ഞെടുത്തത്. ദേശീയ തലത്തില്‍ വരെ കളിക്കാൻ നിലവാരമുള്ള ഒരു ടീമിനെ വാർത്തെടുക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. വരും നാളുകളില്‍ ഈ ടീമിന്റെ പ്രകടനം കേരളത്തിന് കാണാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ആർടിസിക്ക് മുമ്ബ് ഫുട്ബോള്‍, വോളിബോള്‍ ടീമുകള്‍ ഉണ്ടായിരുന്നെങ്കിലും ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത് ഇതാദ്യമായാണ്. 1980-കളില്‍ സംസ്ഥാന തലത്തില്‍ വരെ മത്സരിച്ച ഫുട്ബോള്‍ ടീം കോർപ്പറേഷനുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് പിരിച്ചുവിടുകയായിരുന്നു.

കേരള പൊലിസ്, കെഎസ്‌ഇബി തുടങ്ങിയ മറ്റ് സർക്കാർ വകുപ്പുകള്‍ക്ക് നിലവില്‍ കായിക ടീമുകളുണ്ട്. കെഎസ്‌ഇബിയുടെ വോളിബോള്‍, ബാസ്കറ്റ്ബോള്‍ ടീമുകള്‍ ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ടീമുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഈ മാതൃക പിന്തുടർന്ന് കെഎസ്‌ആർടിസിയും കായിക രംഗത്ത് ശക്തമായ ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.