
കൊച്ചി: ശബരിമലയിലെ ശ്രീകോവിലിന്റെ മുഖ്യവാതില്‍ സ്വർണം പൂശിയതിലും ക്രമക്കേട് നടന്നെന്ന് ഹൈക്കോടതി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
കേസില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകള്‍ക്ക് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും എത്ര സ്വർണം നഷ്ടമായെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി.
വിശ്വാസ്യതയില്ലാത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥർ വിശ്വസിച്ചതെന്തിനാണെന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡിന്റെ ഈ പ്രവർത്തനങ്ങള്‍ ദേവസ്വം മാന്വലിനും ഹൈക്കോടതി ഉത്തരവുകള്‍ക്കും വിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കീഴ്ശാന്തിമാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളിയുടെ അളവെടുക്കാൻ നന്ദൻ ആശാരിയെ നിയോഗിച്ചെന്നും നട തുറന്നിരുന്ന സമയത്താണ് സ്വർണ്ണപ്പാളി ഇളക്കി മാറ്റി അളവെടുത്തതെന്നും കോടതി കണ്ടെത്തി. ചെന്നൈയില്‍ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥർ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചിരുന്നോയെന്ന് അറിയിക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റി സംശയകരമായ പ്രവൃത്തികള്‍ നടത്തിയെന്നും കോടതി നിരീക്ഷിച്ചു.



