
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കവർന്ന കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസു പ്രതിപ്പട്ടികയിൽ. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ.വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് വാസുവിന്റെ പേരുള്ളത്. കേസിൽ പ്രത്യേക അന്വേഷണ സംഘം വാസുവിനെ ചോദ്യം ചെയ്തിരുന്നു.
വാസു ദേവസ്വം കമ്മിണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണപ്പാളി കടത്തുകേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
സ്വർണത്തട്ടിപ്പിൽ കൂടുതൽ പേരുടെ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നും സൂചനയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരാണ് ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിലാണ് എൻ.വാസുവിനെ എസ്.ഐ.ടി ചോദ്യം ചെയ്തത്.
അറസ്റ്റിലായ സുധീഷ്കുമാർ ശബരിമല എക്സിക്യുട്ടീവ് ഓഫീസറും പിന്നീട് വാസുവിന്റെ പി.എയുമായി പ്രവർത്തിച്ചിരുന്നു. സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും സ്വർണം വിറ്റതിലും ബോർഡിൽ ആർക്കൊക്കെ അറിവുണ്ടായിരുന്നു എന്നതടക്കം കാര്യങ്ങൾ എസ്.ഐ.ടി കണ്ടെത്തിയെന്നാണ് വിവരം.




