
ദോഹ: അടുത്ത 25 ദിനങ്ങൾ യുവ ഫുട്ബോൾ പ്രതിഭകൾ മാറ്റുരക്കുന്നതിന് ഖത്തർ സാക്ഷിയാകും. ഫിഫ അണ്ടർ 17 ലോകകപ്പിന് ദോഹയിൽ തുടക്കമായി.
ആസ്പയർ അക്കാദമിയിലെ എട്ട് മൈതാനങ്ങളിലായി മൊത്തം 104 മത്സരങ്ങൾ നടക്കും. ആരാധകർക്ക് ഒരിടത്തുതന്നെ മുഴുവൻ മത്സരങ്ങളും കാണാനുള്ള അവസരമൊരുക്കിയാണ് ഈ പ്രത്യേക ക്രമീകരണം.
ഇന്നലെ ഉച്ചക്ക് ശേഷം ഖത്തർ സമയം 3.30ന് നടക്കുന്ന ബൊളീവിയ-ദക്ഷിണാഫ്രിക്ക, കോസ്റ്റാറിക്ക-യു.എ.ഇ മത്സരങ്ങളോടെ കൗമാര ലോകകപ്പ് ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആതിഥേയരായ ഖത്തറും പോരാട്ടത്തിനിറങ്ങി. ദക്ഷിണാഫ്രിക്ക, ബൊളീവിയ എന്നിവരും കൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് ‘എ’യിലാണ് ഖത്തർ. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും റൗണ്ട് ഓഫ് 32 വരെ ദിവസവും എട്ടു മത്സരങ്ങൾ വരെ നടക്കും. ഡേ പാസ്സ് വാങ്ങിയ ആരാധകർക്ക് ഒരേ ദിവസം നിരവധി മത്സരങ്ങൾ ആസ്വദിക്കാം.
ഫിജി, അയർലൻഡ്, സാംബിയ, എൽ സാൽവദോർ, ഉഗാണ്ട എന്നീ അഞ്ച് ടീമുകൾ ആദ്യമായി ലോകകപ്പിൽ കളിക്കും. ഫൈനൽ മത്സരം ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.
ഏറെ സവിശേഷതകളോടെയാണ് ഇത്തവണ കൗമാര ലോകകപ്പ് നടക്കുന്നത്. ഫിഫയുടെ ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന കൗമാര ലോകകപ്പാണിത്.
രണ്ടു വർഷത്തിലൊരിക്കൽ എന്ന നിലയിൽ നിന്ന് വാർഷിക ടൂർണമെന്റായി മാറിയ ശേഷമുള്ള ലോകപ്പാണിത്. തുടർച്ചയായി 2029 വരെ ഖത്തർ തന്നെ ആയിരിക്കും ടൂർണമെന്റിന് വേദിയാകുന്നത്. ഫിഫ അണ്ടർ 17 ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നമായി ബോമയെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.




