ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കണ്ടെത്താനാവാതെ വലഞ്ഞ് യാത്രക്കാർ; പെരുന്ന സ്റ്റാൻഡിലും ദുരവസ്ഥ

Spread the love

കോട്ടയം (ചങ്ങനാശേരി): ജർമൻ വ്ലോഗറുടെ വിഡിയോയിൽനിന്നു കെഎസ്ആർടിസി തടിതപ്പാൻ നോക്കേണ്ട. നഗരത്തിലെ മാലിന്യം മാത്രമല്ല വ്ലോഗറുടെ വിഡിയോയിൽ കാണുന്നത്. ചങ്ങനാശേരിയിൽനിന്നു മൂന്നാറിലേക്കുള്ള ബസ് കണ്ടുപിടിക്കാൻ വ്ലോഗർ നടത്തിയ പെടാപ്പാടും വിഡിയോയിലൂടെ ലോകം കണ്ടതാണ്.

video
play-sharp-fill

ബസിന്റെ വിവരങ്ങൾ അറിയാൻ നിർമാണം നടക്കുന്ന സ്റ്റാൻഡിനു സമീപത്ത് കൂടെ പോയി അന്വേഷണ കൗണ്ടറിൽ വിവരങ്ങൾ തേടണം. പിന്നീട് പുറത്തേക്കിറങ്ങി ബസ് കാത്തുനിൽക്കണം. വിദേശ വ്ലോഗർക്ക് ബസിന്റെ വിവരം പറഞ്ഞ് കൊടുക്കാൻ കെഎസ്ആർടിസി അധികൃതർക്കും കഴിഞ്ഞില്ല.

ബസിലെ മലയാളത്തിൽ മാത്രമുള്ള ബോർ‍ഡുകളും വ്ലോഗറെ കുഴക്കി. വിദേശി മാത്രമല്ല, നമ്മുടെ സമീപ സ്ഥലങ്ങളിൽ നിന്നു ചങ്ങനാശേരിയിലെത്തുന്നവർ ബസ് തേടി വട്ടംചുറ്റുകയാണ്. കെഎസ്ആർടിസി ബസിലെ പല ബോർഡുകളും കണ്ടാൽ സഹിക്കില്ല. വെള്ളപേപ്പറിൽ സ്കെച്ച് പേന കൊണ്ട് സ്ഥലപ്പേരുകൾ എഴുതിയ ബസുകളും അക്ഷരങ്ങൾ മാഞ്ഞ ബോർഡുകളും നരച്ച ചില്ല് ഗ്ലാസിനടിയിലെ ബോർഡുകളും കണ്ണിൽ പിടിക്കില്ല. കോട്ടയത്തിനു ‘കാട്ടയം’, എരുമേലിക്ക് ‘ഏരുമേലി’ തുടങ്ങിയ പുതിയ വാക്കുകൾ ഏറെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ഭാഗത്തേക്കുള്ളവർ നഗരസഭയുടെ സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലേക്കു നടക്കണം. കൂടാതെ പെരുന്നയിൽ ഇവർ റോഡരികിൽ വെയിലും മഴയേറ്റുമാണ് ബസ് കാത്ത് നിൽക്കേണ്ടത്. ആലപ്പുഴ സർവീസുകളാണ് പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡിൽനിന്നു നടത്തുന്നത്. എന്നാൽ, ദീർഘദൂര ബസുകൾ തേടി പലരും സ്റ്റാൻഡിനുള്ളിലേക്ക് എത്തുന്നുണ്ട്.

താൽക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങളിൽ‍ ബസിന്റെ സമയ വിവരങ്ങൾ ലഭ്യമാക്കിയാൽ യാത്രക്കാർക്ക് ഉപകാരപ്പെടും.

അന്വേഷണ കൗണ്ടറിലേക്ക് വിളിക്കാൻ മാത്രം കഴിയുന്ന ലാൻഡ് ഫോൺ സംവിധാനം താൽക്കാലികമായി കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിക്കൂടെ എന്നും ചിലർ ചോദിക്കുന്നു. അങ്ങനെയാണെങ്കിൽ സ്റ്റാൻഡിലെ അന്വേഷണ കൗണ്ടറിലേക്കുള്ള നടപ്പ് ഒഴിവാക്കാം. പുതിയ സ്റ്റാൻ‍ഡിന്റെ നിർമാണം പൂർത്തിയായാൽ ഈ പരക്കം പാച്ചിൽ അവസാനിക്കുമെന്നാണു പ്രതീക്ഷ.

ജർമൻ വ്ലോഗർ പെരുന്ന സ്റ്റാൻഡിലേക്ക് എത്താതിരുന്നത് ഭാഗ്യമായെന്നാണ് ചങ്ങനാശേരിയിലെ യൂത്തിന്റെ പറച്ചിൽ. കസേരയില്ലാത്ത സ്റ്റാൻഡിന്റെ അവസ്ഥ എങ്ങാനും കണ്ടിരുന്നെങ്കിൽ വൻ ട്രോളായേനെ. ഇരുമ്പുകസേരകളിൽ ഭൂരിഭാഗവും മോഷണം പോയി.