
കോട്ടയം (കോരുത്തോട്): 15 ലക്ഷത്തിന് മുകളിൽ അവഗണനയുടെ കാട് പടർന്നിട്ട് 10 വർഷം. ബ്ലോക്ക് പഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണ പദ്ധതി പ്രകാരമാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള 36 സെന്റ് സ്ഥലത്ത് ശബരിമല തീർഥാടകർക്കായി ഇടത്താവളം നിർമിച്ചത്. എന്നാൽ ഇപ്പോളിത് കാട്ടുപന്നികളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാകുന്നു.
ശബരിമല തീർഥാടകർക്ക് ഒരിക്കൽ പോലും പ്രയോജനപ്പെടാത്ത പദ്ധതിക്കായി എന്തിന് പണം മുടക്കി എന്ന ചോദ്യങ്ങൾ ബാക്കി. കെട്ടിടം വീണ്ടെടുക്കണമെന്ന ആവശ്യവും ശക്തം. ബ്ലോക്ക് പഞ്ചായത്തിൽ നിന്നു 12.5 ലക്ഷവും പഞ്ചായത്തിന്റെ 2.5 ലക്ഷവും രൂപ വിനിയോഗിച്ചായിരുന്നു നിർമാണം.
2015 സെപ്റ്റംബർ മാസം 24ന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു. എന്നാൽ കെട്ടിടം പിന്നീട് ആരുടെ അധീനതയിൽ ആണെന്നു പോലും അറിയാത്ത അവസ്ഥയിലായി അധികൃതർ. രണ്ട് ഹാളുകളും നാലു ബാത്ത് റൂമുകളും ഉള്ള കെട്ടിടം ടൗണിൽ നിന്ന് 500 മീറ്റർ ഉള്ളിലായി അഴുതയാറിന്റെ തീരത്താണ് നിർമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്തിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ വേണ്ടിയാണു 2005ൽ ഇവിടെ സ്ഥലം വാങ്ങിയത്. പക്ഷേ, ഇതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് അന്വേഷണവും നേരിട്ടിരുന്നു.
ഇപ്പോൾ പ്രദേശത്ത് വ്യാപകമായ കാട്ടുപന്നി ശല്യത്തിന് പ്രധാന കാരണം ഈ സ്ഥലവും കെട്ടിടവുമാണ്. ഇവിടെയാണ് കാട്ടുപന്നികൾ താവളമാക്കുന്നത്. ഒപ്പം മദ്യപന്മാരുടെ ഇടമായും ഇവിടം മാറി കഴിഞ്ഞു.
ഇവിടേക്കു പൊതുവഴിക്കായി പഞ്ചായത്ത് വീണ്ടും പണം നൽകി ഒൻപത് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇതിനിടെയാണ് വിവാദ ഭൂമിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ തീർഥാടക വിശ്രമകേന്ദ്രം പദ്ധതി ഇതേസ്ഥലത്ത് നിർമിക്കാൻ അന്നത്തെ യുഡിഎഫ് ഭരണസമിതി തീരുമാനിച്ചത്. ഒടുവിൽ ബസ് സ്റ്റാൻഡും ഇല്ല തീർഥാടക വിശ്രമകേന്ദ്രവും ഇല്ലാതായതോടെ നാട്ടുകാരുടെ പ്രതിഷേധവും ഉയർന്നിരുന്നു.



