
ഇടുക്കി: റവന്യൂ ഭൂമിയില്‍ നടന്ന അനധികൃത മരംമുറി തടഞ്ഞതിനെത്തുടർന്ന് മൂന്നാർ സ്പെഷ്യല്‍ തഹസില്‍ദാർക്ക് സിപിഎം നേതാവില്‍ നിന്ന് ഭീഷണിയുണ്ടായതായി പരാതി.
റവന്യൂ ഭൂമിയിലെ മരംമുറിക്കെതിരെ നടപടിയെടുത്തതിനാണ് സ്പെഷ്യല്‍ തഹസില്‍ദാർ ഗായത്രി ദേവിയെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ ജില്ലാ കളക്ടർക്കും പോലീസിലും തഹസില്‍ദാർ പരാതി നല്‍കിയിട്ടുണ്ട്.
ഈ മാസം ഒന്നിന് ദേവികുളത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് വൻതോതില്‍ മരങ്ങള്‍ മുറിച്ചിരുന്നു. സ്പെഷ്യല്‍ തഹസില്‍ദാർ ഇടപെട്ട് ഈ നീക്കം തടഞ്ഞു. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ഉത്തരവിന്റെ മറവില്‍ വൻ മരം കൊള്ളയാണ് നടന്നതെന്നായിരുന്നു ഉദ്യോഗസ്ഥയുടെ കണ്ടെത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ നടപടി സ്വീകരിച്ചതിനെതിരെയാണ് സിപിഎം നേതാവ് ജോബി ജോണിന്റെ ഭീഷണി ഉണ്ടായതെന്ന് ഗായത്രി ദേവി പറഞ്ഞു. തിങ്കളാഴ്ച ഓഫീസിലെത്തിയ ജോബി ജോണ്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍, സ്പെഷ്യല്‍ തഹസില്‍ദാരുടെ ആരോപണം ജോബി ജോണ്‍ നിഷേധിച്ചു. അപകട ഭീഷണിയായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയ നടപടി തടഞ്ഞതിനെതിരെ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.



