play-sharp-fill
മെഡിക്കൽ കോളേജിലെ ലോട്ടറി വിൽപ്പനക്കാരിയുടെ കൊലപാതകം: പ്രതി അടിക്കാനുപയോഗിച്ച കമ്പിയ്ക്കായി അന്വേഷണം; പ്രതിയും കൊല്ലപ്പെട്ട പൊന്നമ്മയും കഴിച്ചിരുന്നത് സന്നദ്ധ സംഘടനകൾ നൽകിയിരുന്ന ഭക്ഷണം

മെഡിക്കൽ കോളേജിലെ ലോട്ടറി വിൽപ്പനക്കാരിയുടെ കൊലപാതകം: പ്രതി അടിക്കാനുപയോഗിച്ച കമ്പിയ്ക്കായി അന്വേഷണം; പ്രതിയും കൊല്ലപ്പെട്ട പൊന്നമ്മയും കഴിച്ചിരുന്നത് സന്നദ്ധ സംഘടനകൾ നൽകിയിരുന്ന ഭക്ഷണം

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ നൽകിയ ഭക്ഷണം സാമൂഹ്യ വിരുദ്ധരും അക്രമികളും കഴിക്കുന്നതായുള്ള ആരോപണം സത്യമെന്ന് തെളിയുന്നു. തിരുനക്കര മൈതാനത്തും, മെഡിക്കൽ കോളേജ് ആശുപത്രിയിലും കഴിയുന്ന സാമൂഹ്യ വിരുദ്ധർക്കും മോഷ്ടാക്കൾക്കുമാണ് ഈ ഭക്ഷണം കൂടുതലായി ലഭിച്ചിരുന്നതെന്ന്് നേരത്തെ തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
കഴിഞ്ഞ 13ന് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മ (55) കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടിൽ ടി.എസ് സത്യനെ (45) ചോദ്യം ചെയ്തതോടെയാണ് ഇതു സംബന്ധിച്ചുള്ള വിവരം പുറത്തായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണം രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമായാണ് വിതരണം ചെയ്യുന്നത്. എന്നാൽ, ഇത് സാമൂഹ്യ വിരുദ്ധ സംഘമാണ് വാങ്ങിക്കഴിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.


പ്രതിയ്ക്കും ഇരയ്ക്കും മൊബൈൽ ഫോണില്ലാത്ത കേസിൽ ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ലാതെ, സൈബർ സെല്ലിന്റെ സഹായവുമില്ലാതെയാണ് പൊലീസ് കേസ് തെളിയിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലോട്ടറി വിൽപ്പുന്നവരെയും, ചെറുകിട കച്ചവടക്കാരെയും മുഴുവൻ പൊലീസ് നിരീക്ഷണത്തിൽ വച്ചു. ഇവരുടെ ഓരോരുത്തരുടെയും നീക്കങ്ങളും, മരണം നടന്ന ശേഷം ഇവർ എവിടെയായിരുന്നു തുടങ്ങിയ കാര്യങ്ങളും കൃത്യമായി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് സത്യൻ രണ്ടു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് എത്തുന്നില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് മൂന്നു ദിവസം സത്യന്റെ നീക്കങ്ങളെല്ലാം പൊലീസ് രഹസ്യമായി നീരീക്ഷിച്ചു.
മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് സത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോയതാണെന്നു കണ്ടെത്തി. മല്ലപ്പള്ളിയിൽ എത്തിയ സത്യൻ ഇവിടെ ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് കണ്ടെത്തി. എട്ടാം തീയതി വൈകിട്ട് കൊലപാതകം നടത്തിയ ശേഷം രണ്ടു ദിവസം കൂടി ഇയാൾ ഇവിടെ നിന്നു. തുടർന്ന് മല്ലപ്പള്ളിയിലെത്തി. ഓട്ടോറിക്ഷയിലായിരുന്നു യാത്രകളെല്ലാം. ഇയാൾ സഞ്ചരിച്ച ഓട്ടോഡ്രൈവർമാരെയെല്ലാം പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. പൊന്നമ്മയുടെ മാല വിറ്റ സ്ഥാപനം കൂടി കണ്ടെത്തിയതോടെയാണ് സത്യനെ അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ്, ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷ്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐമാരായ ടി.കെ സജിമോൻ, എ.പി സജി, നോബിൾ, തോമസ് ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ അംബിക, ഷീജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group