
കോട്ടയം: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ
ഒരു ആഢ്യബ്രാഹ്മണ കുടുംബത്തിൽ പിറന്ന ശിവജ്ഞാനം എന്ന പെൺകുട്ടിക്ക് റേഡിയോയിലൂടെ ഒഴുകി വരുന്ന സിനിമാഗാനങ്ങൾ വളരെ ഇഷ്ടമായിരുന്നു.
വീട്ടിൽ റേഡിയോ ഉണ്ടെങ്കിലും വാർത്തകളും കർണ്ണാടക സംഗീതവും കേൾക്കാൻ മാത്രമേ റേഡിയോ എന്ന ഉപകരണം ആ യാഥാസ്ഥിതിക കുടുംബത്തിൽ പ്രവർത്തിക്കുമായിരുന്നുള്ളൂ !
സ്ക്കൂൾ വിദ്യാർത്ഥിനിയായ ശിവജ്ഞാനം ചലച്ചിത്രഗാനങ്ങൾ കേൾക്കാനുള്ള ആവേശത്തിൽ വീട്ടിൽനിന്നും അരമണിക്കൂർ മുമ്പേ ഇറങ്ങി വഴിയിലുള്ള ഒരു കടയുടെ സമീപത്ത് ചെന്നുനിന്ന് പാട്ടുകൾ കേട്ട് പഠിച്ചും ആസ്വദിച്ചുമാണ് എന്നും സ്ക്കൂളിൽ എത്തിയിരുന്നത്.
വളരെ ചെറുപ്പത്തിലെ തന്നെ
തമിഴ് ബ്രാഹ്മണ കുടുംബങ്ങളിലെ അക്കാലത്തെ ആചാരപ്രകാരം ശിവജ്ഞാനത്തിന്റെ വിവാഹം നടന്നു. നവവധുവിന്റെ സ്വരമാധുരിയിൽ ആകൃഷ്ടനായ ശിവജ്ഞാനത്തിന്റെ ഭർത്താവ്
ആ പെൺകുട്ടിക്ക് ഒരു പുതിയ ഓമന പേരിട്ടു ….
” മാധുരി.”
അതെ ,
“കസ്തൂരി തൈലമിട്ട് മുടി മിനുക്കി ” എന്ന കടൽപ്പാലത്തിലെ ഗാനത്തിലൂടെ മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് വലതുകാൽ വെച്ച് കടന്നുവന്നു കൊണ്ട് അഞ്ഞൂറിലധികം പാട്ടുകൾ പാടി മലയാളികളുടെ ഇഷ്ടഗായികയായി മാറിയ പി.മാധുരിയുടെ സംഗീത വഴികൾക്ക് ഇനിയുമുണ്ട് വളരെ പ്രത്യേകതകൾ .

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹശേഷം ഡെൽഹിലെത്തിയ മാധുരി പാട്ടും അഭിനയവും കൊണ്ട് അവിടുത്തെ കലാസാംസ്ക്കാരിക സംഘടനകളിലെ സജീവ സാന്നിദ്ധ്യമായി മാറി.
അത്തരമൊരു സംഘടന മദ്രാസിൽ വെച്ച് നടത്തിയ
കലാപരിപാടിയിലൂടെയാണ്
മാധുരി , സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ
ശ്രദ്ധയിൽപ്പെടുന്നത്.
മാധുരിയുടെ ശബ്ദത്തിലെ
പ്രണയവശ്യത ദേവരാജൻ മാസ്റ്റർക്ക് ഇഷ്ടമായെങ്കിലും ഭാഷ ഒരു പ്രശ്നമായിരുന്നു. മലയാളം അക്ഷരസ്ഫുടതയോടെ പഠിക്കുകയാണെങ്കിൽ പിന്നണി പാടിപ്പിക്കാം എന്ന ദേവരാജൻ മാസ്റ്ററുടെ വാഗ്ദാനം മാധുരി ഒരു വെല്ലുവിളിയായി ഏറ്റെടുത്തു.
ആറു മാസത്തിനുള്ളിൽ മലയാളം പഠിച്ച് മലയാളത്തിൽ കത്തെഴുതി ഭാഷാപ്രേമിയായ ദേവരാജനേയും മാധുരി ഞെട്ടിപ്പിച്ചു കളഞ്ഞു. അദ്ദേഹം വാക്കുപാലിച്ചു.
കടൽപ്പാലത്തിനു ശേഷം
കുമാരസംഭവം
(പ്രിയസഖി ഗംഗേ പറയൂ)
അക്കരപ്പച്ച (ഏഴരപ്പൊന്നാന പുറത്തെഴുന്നെള്ളും …) അനുഭവങ്ങൾ പാളിച്ചകൾ (കല്യാണി കളവാണി …) എന്നീ ചിത്രങ്ങളിൽ കൂടി പാടിയതോടെ മാധുരി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറുകയായിരുന്നു.
ശൃംഗാര ഗാനങ്ങളുടെ ആലാപനങ്ങളാൽ പുരുഷഹൃദയങ്ങളെ ഇക്കിളി കൊള്ളിക്കാൻ കഴിഞ്ഞതായിരുന്നു മാധുരിയുടെ സംഗീത ജീവിതത്തിലെ മറ്റൊരു വിജയഘടകം. .
ഇരയിമ്മൻ തമ്പിയുടെ
“പ്രാണനാഥൻ എനിക്കു നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാമോ ….”
കരിനിഴലിലെ
“വല്ലഭൻ പ്രാണവല്ലഭൻ …. ”
എന്നീ ഗാനങ്ങളിലെ ശൃംഗാരഭാവങ്ങൾ മാധുരിക്കല്ലാതെ മറ്റാർക്കെങ്കിലും പാടി വിജയിപ്പിക്കാനാവുമോ എന്ന് സംശയിച്ചു പോയിട്ടുണ്ട്.
“നഖങ്ങൾ ” എന്ന ചിത്രത്തിൽ യേശുദാസിനോടൊപ്പം പാടിയ “കൃഷ്ണപക്ഷക്കിളി ചിലച്ചൂ ….” എന്ന ഗാനത്തിലെ നാണത്തിൽ ചാലിച്ചെടുത്ത ചിരിയുടെ വശ്യത പറഞ്ഞറിയിക്കാനേ പറ്റില്ല.
അറുന്നൂറിലധികം ഗാനങ്ങൾ പാടിയിട്ടുള്ള മാധുരിയുടെ സംഗീതജീവതത്തിൽ നിന്നും
ഇഷ്ടഗാനങ്ങൾ തിരഞ്ഞെടുക്കുക ഏറെ പ്രയാസമുള്ളതായിരിക്കും . എങ്കിലും ഓർമ്മയിലുള്ള ചില ഗാനങ്ങളെ മാത്രം ഇവിടെ സൂചിപ്പിക്കട്ടെ ….
“ഗോകുലാഷ്ടമി നാളിൽ .. ”
( ചിത്രം ചായം -രചന വയലാർ – സംഗീതം ദേവരാജൻ )
“ഇന്നെനിക്ക് പൊട്ടുകുത്താൻ ..”
(ചിത്രം ഗുരുവായൂർ കേശവൻ – രചന പി ഭാസ്കരൻ – സംഗീതം ദേവരാജൻ )
“തൃക്കാക്കര പൂ പോരാഞ്ഞ് …. ”
(ചിത്രം ലൈൻബസ്സ് – രചന വയലാർ – സംഗീതം ദേവരാജൻ .)
“താളത്തിൽ താളത്തിൽ … ”
(ചിത്രം ചെണ്ട -രചന പി ഭാസ്കരൻ – സംഗീതം ദേവരാജൻ .)
“ദന്തഗോപുരം തപസ്സിനു തിരയും …. ”
(ചിത്രം ഭൂമിദേവി പുഷ്പിണിയായി -രചന വയലാർ – സംഗീതം ദേവരാജൻ . )
“മല്ലികാബാണൻ തന്റെ വില്ലെടുത്തു …. ” (ചിത്രം അച്ചാണി -രചന പി ഭാസ്കരൻ – സംഗീതം ദേവരാജൻ -ആലാപനം ജയചന്ദ്രൻ , മാധുരി.)
“സ്വപ്നലേഖേ നിന്റെ
സ്വയംവര പന്തലിൽ … ”
( ചിത്രം അങ്കത്തട്ട് -രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം ജയചന്ദ്രൻ , മാധുരി.)
“പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ …. ”
(ചിത്രം സ്വാമി അയ്യപ്പൻ -രചന വയലാർ – സംഗീതം ദേവരാജൻ . )
“കേട്ടില്ലേ കോട്ടയത്തൊരു
മൂത്ത പിള്ളേച്ചൻ തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണ്
കെട്ടാൻ പോയി..”
(ചിത്രം മാന്യ ശ്രീ വിശ്വാമിത്രൻ -രചന പി ഭാസ്കരൻ – സംഗീതം ശ്യാം . )
എന്നിവ ചിലതു മാത്രം.
1943 നവംബർ 3 – ന് ജനിച്ച മാധുരിയമ്മയുടെ പിറന്നാൾ ദിനമാണിന്ന്.
ആലാപന രംഗത്ത് നിന്നും പിൻവാങ്ങിയെങ്കിലും മലയാള ചലച്ചിത്രഗാനശാഖയെ തന്റെ സ്വരമാധുരി കൊണ്ട് സമ്പന്നമാക്കിയ ഈ അനുഗൃഹീത ഗായികയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ പിറന്നാളാശംസകൾ നേരുന്നു.



