
കോട്ടയം (ഏറ്റുമാനൂർ): കോടതി ഉത്തരവ് മറികടന്ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര മൈതാനത്ത് ആരംഭിച്ച കെട്ടിട നിർമാണം ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചു.
കല്യാണ മണ്ഡപത്തിന് ഇരുവശത്തുമായി താൽക്കാലികമായി നിർമിച്ചിരുന്ന ചിറപ്പ് മണ്ഡപവും വിരിപ്പന്തലും സ്ഥിര സംവിധാനമായി നിർമിക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. ശബരിമല സീസണിൽ ക്ഷേത്രത്തിലെ ക്ഷേത്രമൈതാനം ഇതിനായി കുത്തിപ്പൊളിക്കാൻ തുടങ്ങിയതോടെ ഭക്തർ പ്രതിഷേധവുമായെത്തി നിർമാണം തടയുകയായിരുന്നു. മൈതാനത്തെ സുരക്ഷാവേലിക്കുള്ളിൽ സ്ഥിരനിർമാണങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നു ദേവസ്വം പൊതുമരാമത്ത് നടത്തിയ നിർമാണ പ്രവർത്തനങ്ങളാണ് താൽക്കാലികമായി നിർത്തിയത്.
സംഭവത്തിൽ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് പുന്നത്തുറ മുല്ലൂർ വീട്ടിൽ ഉദയകുമാർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം കമ്മിഷണർ, ഓംബുഡ്സ്മാൻ എന്നിവർക്ക് പരാതി നൽകി. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ നിർമാണ വിവരം അറിഞ്ഞില്ലെന്നും ഇവർ ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1800 ചതുരശ്ര അടി വിസ്തൃതിയിലാണ് ചിറപ്പ് മണ്ഡപം നിർമിക്കുന്നത്. കൃത്യമായ എസ്റ്റിമേറ്റ് തയാറാക്കാതെയാണ് പദ്ധതി ആരംഭിച്ചതെന്നും നിർമാണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്നും പരാതിക്കാരൻ പറയുന്നു. ആനകളെ ക്ഷേത്രത്തിലേക്ക് എത്തിക്കുകയും അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ഭാഗത്ത് 2000 ചതുരശ്ര അടിയിൽ വിരിപ്പന്തൽ നിർമിക്കാനും നീക്കമുണ്ട്. വിരിപ്പന്തൽ സ്ഥിരമായി ഇവിടെ നിർമിച്ചാൽ വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും പരാതിയിൽ പറയുന്നു.
60 സെന്റിമീറ്റർ താഴ്ചയിൽ കോൺക്രീറ്റ് പാകി ഉറപ്പിച്ച മൈതാനത്തിന്റെ ഉപരിതലം ഇതിനായി പൊളിച്ചുനീക്കി. പുതിയതായി സ്ഥാപിക്കുന്ന കോൺക്രീറ്റ് തൂണുകൾക്കായി വലിയ കുഴികൾ എടുത്തു. ചിറപ്പ് മണ്ഡപം, വിരിപ്പന്തൽ എന്നിവ താൽക്കാലികമായി നിർമിക്കുന്നതിന് ഓരോ വർഷവും 4 ലക്ഷത്തോളം രൂപ ചെലവാകുന്നുണ്ടെന്നും സ്ഥിര സംവിധാനമായാൽ ഇത് ഒഴിവാക്കാനുമാകുമെന്നും ഉപദേശക സമിതി പ്രസിഡന്റ് പി.കെ.രാജൻ, സെക്രട്ടറി മഹേഷ് രാഘവൻ എന്നിവർ പറഞ്ഞു.
ക്ഷേത്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ വിളിക്കാറില്ലെന്നും കൃത്യമായ എസ്റ്റിമേറ്റോ പ്ലാനോ ഇല്ലാതെയാണ് നിർമാണങ്ങൾ നടത്തുന്നതെന്നും പ്രതിഷേധവുമായെത്തിയ ഭക്തർ ആരോപിച്ചു.അതേസമയം, ക്ഷേത്ര ഉപദേശക സമിതിയുടെ അപേക്ഷ പ്രകാരം പിൽഗ്രിം ഷെൽറ്റർ എന്ന നിലയിലാണ് നിർമാണം നടത്തിയതെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ക്ഷേത്ര ഉപദേശക സമിതിയംഗങ്ങൾ അറിയിച്ചു.



