
മൂന്നാർ: കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനയായ ജാൻവിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ സംഭവത്തിൽ മൂന്നാർ പോലീസ് സ്വമേധയാ കേസെടുത്തു. ഒക്ടോബർ 31-ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ജാൻവി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്.
ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. എന്നാൽ, മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു.
സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ‘ഉപഭോക്താക്കൾക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയൻ ടാക്സി ഡ്രൈവർമാർ ഓൺലൈൻ ടാക്സി നിരക്കിനെക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്രചെയ്യേണ്ടിവന്നെന്നും സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറയുന്നു.
എന്റെ അനുഭവം ഓൺലൈനിൽ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളിൽ സമാനമായ പീഡനം നേരിട്ടതായി വ്യക്തമാക്കി മറ്റുള്ളവരിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചു. ചിലരെ രാത്രി വൈകി ടാക്സി ഗ്രൂപ്പുകൾ പിന്തുടർന്നു, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിതരാക്കി.
കേരളം മനോഹരമാണെങ്കിലും സുരക്ഷിതത്വം തോന്നാത്ത സ്ഥലം സന്ദർശിക്കാൻ ഇനി എനിക്ക് കഴിയില്ല’, യുവതി വീഡിയോയിൽ പറഞ്ഞു.



