
റാന്നി: തോമ്പിക്കണ്ടത്ത് അസംബ്ലീസ് ഓഫ് ക്രൈസ്റ്റ് ചർച്ചിൽ ഇരുവിഭാഗം തമ്മിലുണ്ടായ അടിപിടി താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ലായി. ഞായറാഴ്ച രാവിലെ എട്ടിനാണ് ആരാധനാലയത്തിൽ തർക്കമുണ്ടായത്. ആരാധനാലയത്തിലെത്തുന്നവർ ഇരുവിഭാഗമായപ്പോൾ ചർച്ച് സ്ഥാപകനായ പാസ്റ്റർ കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു.
ഞായറാഴ്ച രാവിലെ മറുവിഭാഗം ആരാധനാലയത്തിൽ പ്രവേശിച്ച് പ്രാർഥന തുടങ്ങിയതോടെ മറുകൂട്ടരും എത്തി. തുടർന്നുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കോഴഞ്ചേരി കാവുങ്കൽ വി.ജെ. സൈമൺ (67), എരുമേലി ഓലിക്കൽ ജോസ് ജോർജ് (54), ഇടമുറി പള്ളിപ്പറമ്പിൽ സജി ഡാനിയേൽ (44) എന്നിവർക്ക് പരിക്കേറ്റത്. ഇവരുമായി ഇരുവിഭാഗക്കാരും 9.15-ഓടെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. അവിടെ കൂട്ടത്തല്ലാകുകയായിരുന്നു. അത്യാഹിതവിഭാഗത്തിന് മുൻപിലുണ്ടായിരുന്ന കസേരകളും ഹെൽമെറ്റുകളും എടുത്തെറിഞ്ഞു. അത്യാഹിതവിഭാഗത്തിലുണ്ടായിരുന്ന രോഗികൾ ഭയന്നോടി. ഹൃദയാഘാതത്തിന് ചികിത്സതേടിയെത്തി ഇസിജി കഴിഞ്ഞ് വിശ്രമിച്ചവരും ഓടിയവരിലുള്ളതായി ആശുപത്രിയധികൃതർ പറഞ്ഞു.
കൂട്ടത്തല്ലിനിടയിൽ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിവീഴ്ത്തി. ജീവനക്കാരന് ഹെൽമെറ്റുകൊണ്ടുള്ള ഏറ് കൊണ്ടു. അത്യാഹിതവിഭാഗത്തിലേക്ക് കടക്കാനാകാത്തവിധം ഭീകരാന്തരീക്ഷമാണുണ്ടായതെന്ന് ഡ്യൂട്ടിഡോക്ടർ അജാസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുമുതൽ നശിപ്പിച്ചതിനും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും 19 പേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു. പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയതും പ്രതികളെ കസ്റ്റഡിയിലെടുത്തതും. രാത്രി അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.



