
തിരുവനന്തപുരം: കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ 12 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി.
അടിമലത്തുറ അമ്പലത്തുംമൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം റോസി ഹൗസിൽ പത്രോസിന്റെയും ഡയാനയുടെയും മകൻ ജോബിളി (12) ൻ്റെ മൃതദേഹമാണ് മത്സ്യ തൊഴിലാളികൾ കണ്ടെത്തിയത്.
ജോബിളിനെ കാണാതായതിന് സമീപത്തായി കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ജോബിളിനെ 31ന് വൈകിട്ട് 4.30 ഓടെയായിരുന്നു കാണാതായത്.
സ്കൂൾ വിട്ട് വന്നശേഷം ബന്ധുവായ പതിനൊന്ന് കാരനൊപ്പം കടൽക്കരയിൽ എത്തിയശേഷം ജോബിൾ വസ്ത്രങ്ങളും ചെരുപ്പും കരയിൽ ഊരിവച്ച് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു.
ജോബിൾ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ടതു കണ്ട് കരയിൽനിന്ന കുട്ടി നാട്ടുകാരെയും ബന്ധുക്കളെയും വിരമറിയിച്ചു.
വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും മത്സ്യ തൊഴിലാളികളുമുപ്പെടെ മൂന്നു ദിവസമായി തിരച്ചിൽ നടത്തിവരുകയായിരുന്നു.
ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. ഇതോടെ തെരച്ചിൽ നടത്തിയിരുന്ന കോസ്റ്റൽപൊലീസിനെ വിവരം അറിയിച്ച് കരയിലേക്കെത്തിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. റോസി,ജോജി എന്നിവരാണ് സഹോദരങ്ങൾ.



