
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.അക്രമിച്ചത് സഹയാത്രികനെന്ന് ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന്റെ വെളിപ്പെടുത്തൽ. പാലോട് സ്വദേശിനി സോന ആണ് ആക്രമണത്തിന് ഇരയായത്.
ട്രെയിനിൽ നിന്നും ഇറങ്ങാറായ സമയത്താണ് സംഭവമെന്ന് സോനയ്ക്കൊപ്പം യാത്ര ചെയ്ത സുഹൃത്ത് പറഞ്ഞു.
സുഹൃത്ത് ശുചിമുറിയിൽ പോയ സമയത്താണ് പുറത്തേക്ക് നോക്കി നിന്ന സോനയെ പ്രതിയായ സുരേഷ് കുമാർ ചവിട്ടി തള്ളിയിട്ടത്. ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സോനയും സുഹൃത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നച്ചമൂട് സ്വദേശിയായ സുരേഷിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ വ്യത്യസ്തമായ മൊഴികളാണ് പൊലീസിനു നൽകുന്നത്.
സുരേഷ് കുമാർ കോട്ടയത്ത് നിന്നാണ് ട്രെയിനിൽ കയറിയത് എന്നാണ് വിവരം. ഇയാൾ പെയിന്റിങ് തൊഴിലാളിയാണ്. സോനയുടെ സുഹൃത്തിനെയും പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചതായി വിവരമുണ്ട്.
തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് സോന യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. ട്രാക്കിൽ കിടന്ന സോനയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്.
പിന്നീട് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സോനയുള്ളത്. നില അതീവഗുരതരമായി തുടരുന്നു.



