‘കേരള സവാരി’ക്ക് തുടക്കം; സര്‍ക്കാര്‍ ഉടമസ്ഥതയിലെ ആദ്യ ഓണ്‍ലൈൻ ഓട്ടോ-ടാക്സി സേവനം നവംബർ നാല് ചൊവ്വാഴ്ച ഔദ്യോഗിക തുടക്കം കുറിക്കും: ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുന്നത്

Spread the love

തിരുവനന്തപുരം: കേരള സർക്കാർ ഉടമസ്ഥതയില്‍ ആരംഭിച്ച രാജ്യത്തെ ആദ്യ ഓണ്‍ലൈൻ ഓട്ടോ-ടാക്സി സേവനമായ ‘കേരള സവാരി’ക്ക് നവംബർ നാല് ചൊവ്വാഴ്ച ഔദ്യോഗിക തുടക്കം കുറിക്കും. 2022-ല്‍ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയില്‍ പൈലറ്റ് പ്രോജക്‌ട് ആയി ആരംഭിച്ച പദ്ധതിയാണ് ഇത്.

video
play-sharp-fill

ഈ വർഷം ഏപ്രില്‍ മുതല്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ട്രയല്‍ റണ്‍ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പദ്ധതി ഫ്ലാഗ് ഓഫിന് തയ്യാറായിരിക്കുന്നത്. തൊഴിലവസരങ്ങള്‍ വിപുലപ്പെടുത്തുകയും യാത്രികർക്കായി വിശ്വാസയോഗ്യമായ ഓണ്‍ലൈൻ ഗതാഗത സേവനം ഉറപ്പാക്കുകയും ചെയ്യുന്നതിനായി തൊഴിലും നൈപുണ്യവുമുള്ള വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

തൊഴില്‍ മന്ത്രി വി. ശിവൻകുട്ടിയാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഫ്ലാഗ് ഓഫ് നിർവഹിക്കുക. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് ‘കേരള സവാരി’യുടെ സേവനം ലഭ്യമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരമ്ബര്യ തൊഴില്‍ മേഖലകളെയും തൊഴിലാളികളെയും ബാധിച്ച നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പശ്ചാത്തലത്തില്‍ ചൂഷണമില്ലാത്ത തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ ഈ പദ്ധതിയിലൂടെ നടത്തുന്നത്. മോട്ടോർ തൊഴിലാളികള്‍ക്ക് സ്ഥിരമായ വരുമാന മാർഗം ഒരുക്കുക, യാത്രക്കാരെ സുരക്ഷിതമായ രീതിയില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘കേരള സവാരി’ രൂപീകരിക്കപ്പെട്ടത്. പൈലറ്റ് ഘട്ടത്തില്‍ ലഭിക്കുന്ന അനുഭവത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. സേവനരീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഫീഡ്ബാക്ക് സംവിധാനവും രൂപീകരിച്ചിട്ടുണ്ട്.

 

കേരള സവാരിയുടെ പ്രധാന സവിശേഷത സുരക്ഷയാണ്. എല്ലാ ഡ്രൈവർമാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാർക്കും ഡ്രൈവർമാർക്കും പരസ്പരം അറയാതെ അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടാനായി ആപ്പില്‍ പാനിക് ബട്ടണ്‍ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അമർത്തിയാല്‍ ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഏജൻസികള്‍ക്ക് ഉടൻ അറിയിപ്പ് ലഭിക്കുകയും വേഗത്തില്‍ സഹായം ലഭ്യമാക്കുകയും ചെയ്യും. പ്ലേ സ്റ്റോറില്‍ ലഭ്യമായിരിക്കുന്ന കേരള സവാരി ആപ്പ് ഇതിനകം തന്നെ വ്യാപകമായ പ്രതികരണം നേടി. തൊഴില്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലും ഗതാഗതം, പൊലീസ്, ഐടി, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സഹകരണത്തോടെയും ആണ് പദ്ധതി മുന്നോട്ട് പോകുന്നത്.

 

തൊഴില്‍ വകുപ്പ് കീഴിലുള്ള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേല്‍നോട്ടത്തിലാണ് കേരള സവാരി പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ജില്ലാ ഓഫീസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോള്‍ സെന്റർ നിലവിലുണ്ട്. 9072272208 എന്ന നമ്ബറില്‍ വിളിച്ച്‌ യാത്രക്കാർക്ക് അഭിപ്രായങ്ങളും പരാതികളും അറിയിക്കാം. 2022 ഓഗസ്റ്റ് 17 മുതല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ 541 വാഹനങ്ങള്‍ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതില്‍ 22 എണ്ണം വനിതാ ഡ്രൈവർമാരുടേതാണ്. 321 ഓട്ടോ റിക്ഷകളും 228 കാറുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്നത് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോണ്‍ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ITI Ltd) ആണ്.