
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് സ്ഥാനത്തുനിന്ന് നടന് പ്രേംകുമാറിനെ മാറ്റിയത് പിണറായി സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യാത്തതു കൊണ്ട്.
പിണറായിയെ ചൊടിപ്പിച്ചത്, സി.പി.എം ജനറല്‍ സെക്രട്ടറി പങ്കെടുത്ത പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച പ്രസംഗം.
പുതിയ ഭരണസമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും നീക്കുന്ന വിവരം പ്രേംകുമാറിനെ അറിയിച്ചില്ല. അക്കാദമി വൈസ് ചെയര്മാന് തന്നെ നീക്കിയ വിവരം അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെ.
വിവാദങ്ങളെത്തുടര്‍ന്ന് സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തെത്തുന്നത്. കഴിഞ്ഞ രണ്ടു കേരള രാജ്യാന്തര ചലച്ചിത്രമേളകളും വിജയകരമായി സംഘടിപ്പിക്കുന്നതില്‍ പ്രേംകുമാറിന്റെ റോള്‍ വലുതായിരുന്നു. എന്നാല്‍, ചലച്ചിത്ര അക്കാദമിയില്‍ പുതിയ ഭരണസമിതിയെ നിയമിച്ച സര്‍ക്കാര്‍ പ്രേംകുമാറിനെ നിഷ്കരുണം തഴയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണായും കുക്കു പരമേശ്വരനെ വൈസ് ചെയര്‍പേഴ്സണായും സാംസ്കാരിക വകുപ്പ് നിയമിക്കുകയായിരുന്നു. നിലവിലുള്ള അക്കാദമി ഭരണ സമിതിയില്‍ നിന്ന് പുതിയ സമിതിയില്‍ അംഗങ്ങളായത് മൂന്നുപേര്‍ മാത്രമായിരുന്നു. കുക്കു പരമേശ്വരനെ കൂടാതെ എന്‍. അരുണ്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് തുടരുന്നത്.
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക പ്രവര്‍ത്തകരുടെ പരിപാടിയില്‍ പ്രേംകുമാറിനെ ക്ഷണിച്ചിട്ടും അദ്ദേഹം പങ്കെടുത്തിരുന്നില്ല. സഹകരിക്കാത്തതിനു കൃത്യമായ കാരണവും പ്രേംകുമാര്‍ അറിയിച്ചില്ല. സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ആയിരിക്കെ പ്രേംകുമാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് നിരവധി സാംസ്കാരിക, സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് തന്നെ വിട്ടുനിന്നതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.
സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ആലോചന യോഗത്തില്‍ പ്രേംകുമാര്‍ ആശാ പ്രവര്‍ത്തകരുടെ സമരം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രസംഗിച്ചിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി കൂടി പങ്കെടുത്ത പരിപാടിയിലാണ് ആശമാരുടെ സമരം ഒത്തു തീര്‍ത്തില്ലെങ്കില്‍ സര്‍ക്കാരിന് നാണക്കേടാകുമെന്ന് പ്രേംകുമാര്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ആശമാരുടെ ഓണറേറിയം ചെറിയരീതിയില്‍ വര്‍ധിപ്പിച്ച് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. അതോടൊപ്പം തന്നെയാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്നും നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി മികച്ച രീതിയില്‍ ചലച്ചിത്ര അക്കാദമി കൊണ്ടുപോകുകയും യാതൊരു പരാതിയുമില്ലാതെ ചലച്ചിത്രമേള സംഘടിപ്പിക്കുകയും ചെയ്തിട്ടും ഭരണസമിതിയില്‍ ഒരിടത്തും പരിഗണിക്കാത്തതില്‍ അതൃപ്തിയിലാണ് പ്രേംകുമാര്‍. ചുമതലയില്‍ നിന്ന് മാറ്റുന്ന കാര്യം പോലും അറിയിക്കാത്തതിലും പ്രേംകുമാറിന് നീരസമുണ്ട്.
റസൂല്‍ പൂക്കുട്ടി ചെയര്‍മാനായ ഭരണസമിതിയില്‍ 26 അംഗങ്ങളാണുള്ളത്. കുക്കു പരമേശ്വരനെ വൈസ് ചെയര്‍പേഴ്സണായും നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്മാന് വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം. നിഖില വിമല്‍,സുധീര്‍ കരമന,ശ്യാം പുഷ്ക്കരന്‍,അമല്‍ നിരദ്,സിത്താര കൃഷ്ണകുമാര്‍,സാജു നവോദയ തുടങ്ങിയവര്‍ അക്കാദമിയുടെ പുതിയ ഭരണസമിതിയില്‍ അംഗങ്ങളാണ്. രഞ്ജിത്ത് ചെയര്മാന് ആയിട്ടുള്ള ഭരണസമിതി 2022 ജനുവരിയിലാണ് അധികാരത്തില്‍ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രഞ്ജിത്ത് രാജി വെച്ചൊഴിയുകയായിരുന്നു. അന്ന് വൈസ് ചെയര്മാന് ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.




