
കോട്ടയം (വൈക്കം): തോട്ടുവക്കത്ത് കാർ കെ.വി. കനാലിലേക്കു മറിഞ്ഞ് യുവഡോക്ടർ മരിച്ച സംഭവത്തിനു പിന്നിൽ അധികൃതരുടെ അനാസ്ഥ. വൈക്കത്തുനിന്നും കുമരകം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണ് വൈക്കം – വെച്ചൂർ റോഡ്.
തോട്ടകം പള്ളിക്കു സമീപം മുട്ടേൽ പാലം മുതൽ തോട്ടുവക്കം പാലം വരെയുള്ള ഏകദേശം ഒരു കിലോമീറ്ററോളം ദൂരം റോഡിന്റെ ഒരു വശം കെ.വി. കനാലാണ്. കനാലിന് സംരക്ഷണവേലി ഒരുക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. സംരക്ഷണവേലി ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഈ അപകട മരണം വഴിമാറുമായിരുന്നു.
വൈക്കം തോട്ടുവക്കത്ത് നിയന്ത്രണം വിട്ട കാർ കെ.വി.കനാലിലേക്കു മറിഞ്ഞ് യുവഡോക്ടറായ പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം അനുഗ്രഹയിൽ ഡോ. അമൽ സൂരജ് (33) ആണു മരിച്ചത്. കൊട്ടാരക്കര ചെങ്ങമനാട് റാഫ അരോമ ഹോസ്പിറ്റലിലെ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജനാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാത്രി കാറുമായി ഡോ. അമൽ സൂരജ് കനാലിൽ വീണെങ്കിലും സംഭവം ആരും അറിഞ്ഞില്ല. മണിക്കൂറുകൾക്കു ശേഷം വെളളിയാഴ്ച രാവിലെ കാർ കനാലിൽ കിടക്കുന്നതു കണ്ടാണ് അപകട വിവരം നാട്ടുകാർ അറിയുന്നത്. ഇവിടെ വേലി ഉണ്ടായിരുന്നെങ്കിൽ കാർ അതിൽ ഇടിച്ചു നിൽക്കുമായിരുന്നു. അങ്ങനെ സംഭവിച്ചാൽ ഏതെങ്കിലും വാഹന യാത്രികരുടെ ശ്രദ്ധയിൽപെട്ട് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുമായിരുന്നു.
ക്രെയ്നിന്റെ സഹായത്തോടെയാണ് കനാലിൽ വീണ കാർ കരയ്ക്കെത്തിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.സുകേശ്, ഫയർ സ്റ്റേഷൻ ഓഫിസർ കെ.സി.സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കരയ്ക്കു കയറ്റിയത്.
എറണാകുളത്തെ ക്ലിനിക്കിലേക്കു പോകുന്നതിനിടെ വൈക്കം–വെച്ചൂർ റോഡിലാണ് അപകടം. എറണാകുളം, കൊല്ലം ജില്ലകളിലെ സ്വകാര്യ ക്ലിനിക്കുകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടമെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 6ന് ആണ് നാട്ടുകാർ കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. വൈക്കത്തുനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മാറ്റി. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് സംശയിക്കുന്നു.




