
തിരുവനന്തപുരം: കേരളത്തിന് ലഭിക്കേണ്ട എസ്‌എസ്‌കെ(സമഗ്ര ശിക്ഷ കേരള) ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് റിപ്പോർട്ട്. ബുധനാഴ്ച ലഭിക്കേണ്ടതായിരുന്ന ആദ്യ ഗഡുവായ ഏകദേശം 319 കോടി രൂപ ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.
പിഎം ശ്രീ പദ്ധതി മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ എടുത്ത തീരുമാനത്തിന് പിന്നാലെ കേന്ദ്രസർക്കാർ എസ്‌എസ്‌കെ ഫണ്ട് തടഞ്ഞു എന്നാണ് സൂചന.
ബുധനാഴ്ച്ച ലഭിക്കേണ്ടിയിരുന്ന ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്ഥിരീകരിച്ചു.
ഫണ്ട് സംബന്ധിച്ച് ഇതുവരെ ഒരു ഔദ്യോഗിക വിവരം പോലും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പിഎം ശ്രീ പദ്ധതിയെ കുറിച്ച് രൂപീകരിച്ച സമിതിയുടെ ശുപാർശകളനുസരിച്ചായിരിക്കും സർക്കാരിന്റെ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനെ തുടർന്ന്, എസ്‌എസ്‌കെ ഉള്‍പ്പെടെ മറ്റു കേന്ദ്ര ഫണ്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. എന്നാല്‍, പദ്ധതി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കിലും, ഫണ്ട് താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ടെന്നാണ് സൂചനകള്‍.
പിഎം ശ്രീയില്‍ നിന്നു പിന്മാറാൻ ശ്രമിച്ച പഞ്ചാബിന്റെ അനുഭവം ഇപ്പോള്‍ കേരളത്തിനും മുന്നില്‍ ഉദാഹരണമായി മാറിയിരിക്കുകയാണ്. 2022 ഒക്ടോബറില്‍ കരാറില്‍ ഒപ്പുവെച്ച പഞ്ചാബ് സർക്കാർ പിന്നീട് പിന്മാറിയെങ്കിലും, കേന്ദ്രം അത് അംഗീകരിച്ചില്ല. ഫണ്ട് തടഞ്ഞതോടെ, സമ്മർദത്തിനൊടുവില്‍ പഞ്ചാബ് 2024-ല്‍ വീണ്ടും പദ്ധതിയില്‍ ചേർന്നിരുന്നു.
കേരളത്തിന് നയപരമായ നിലപാട് മൂലം ആ മാർഗം സ്വീകരിക്കാൻ പ്രയാസമുണ്ടാകും. കരാർ വ്യവസ്ഥപ്രകാരം പിന്മാറ്റത്തിന് അധികാരം കേന്ദ്രത്തിനുമാത്രമേ ഉള്ളൂ. എങ്കിലും, ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടും ഇതുവരെ പണം കൈപ്പറ്റാത്തതിനാല്‍, നിയമപരമായ തടസ്സമില്ലെന്ന വാദം ചില നിയമവിദഗ്ധർ ഉന്നയിക്കുന്നു. ഈ വിഷയങ്ങൾ പരിഗണിച്ചുകൊണ്ട് മന്ത്രിസഭാ ഉപസമിതി അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.



