
ആലപ്പുഴ (മങ്കൊമ്പ്): വേലിയേറ്റം ശകതമായതിനെ തുടർന്ന് ആശങ്കയിൽ നെൽകർഷകർ. ഒട്ടുമിക്ക പാടശേഖരങ്ങളും വിളവെടുക്കാൻ പാകമായ നിലയിലാണ്. രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളിലെ കർഷകരാണു കൂടുതൽ ആശങ്കയിലായിരിക്കുന്നത്. ഇത്തവണത്തെ രണ്ടാം കൃഷി മികച്ച വിളവാണ് ഇതുവരെ കാണിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും നെൽച്ചെടികൾ വീഴാൻ തുടങ്ങിയതു കർഷകർക്ക് ഇരുട്ടടി ആയിരിക്കുകയാണ്. ഉപ്പുവെള്ളത്തിന്റെ ഭീഷണിയും വരിനെല്ലിന്റെയും കളയുടെയും ആധിക്യം നിമിത്തവും കഴിഞ്ഞ പുഞ്ചക്കൃഷി വലിയ നഷ്ടത്തിലാണു കലാശിച്ചത്.
പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ തെക്കേ മണപ്പള്ളി പാടശേഖരത്തിലെ കർഷകർ ഏറെ ആശങ്കയിലാണ്. വിളവെടുക്കാൻ ഇനി ഒരു മാസത്തോളം അവശേഷിക്കെ നെൽച്ചെടികൾ വീഴാൻ തുടങ്ങിയതാണു കർഷകരെ വിഷമിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നബാർഡ് ഫണ്ടിൽ കോടികൾ ചെലവഴിച്ചു നിർമിച്ച സംരക്ഷണ ഭിത്തിയിലെ കൽക്കെട്ട് പല ഭാഗങ്ങളിലും തകർന്നിട്ടുണ്ട്. വിഷയം പാടശേഖര സമിതി ബന്ധപ്പെട്ട അധികാരികളെ പല പ്രാവശ്യം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു പാടശേഖര സമിതി ഭാരവാഹികൾ ആരോപിച്ചു.
ഒരേക്കറിൽ നിന്ന് 30 ക്വിന്റലിനു മുകളിൽ നെല്ല് ലഭിക്കുമെന്നാണു കർഷകർ പ്രതീക്ഷിക്കുന്നത്. എന്നാൽ നെല്ല് വീഴാൻ തുടങ്ങിയതും അടുത്തയിടെ നിർമിച്ച പുറംബണ്ട് പല ഭാഗങ്ങളിലും തകർന്നതും കർഷകരുടെ പ്രതീക്ഷകൾക്ക് ഭീഷണിയാകുന്നു.
വരാനിരിക്കുന്ന വൃശ്ചിക വേലിയേറ്റം നിലവിലുള്ളതിനേക്കാൾ ശക്തമായിരിക്കാനുള്ള സാധ്യതയാണുള്ളത്. വേലിയേറ്റം ശക്തമായി തുടരുന്നതിനാൽ കൽക്കെട്ട് തകർന്ന ഭാഗത്തു മട വീഴാനുള്ള സാധ്യതയും കൂടുതലാണ്. ശക്തമായ വേലിയേറ്റവും അതേ രീതിയിൽ തന്നെയുള്ള വേലിയിറക്കത്തിന്റെ സമ്മർദവും ബണ്ടുകളെ കൂടുതൽ ദുർബലപ്പെടുത്തും.
ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പാടശേഖരത്തിൽ പല ഭാഗങ്ങളിലായി തകർന്നു കിടക്കുന്ന കൽക്കെട്ടുകൾ പുനർ നിർമിക്കുന്നതിനും വൃശ്ചിക വേലിയേറ്റത്തെ പ്രതിരോധിക്കാൻ തണ്ണീർമുക്കത്തെ ഷട്ടറുകൾ റെഗുലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ മുൻകൂട്ടി ചെയ്യണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്.




